ന്യൂഡല്‍ഹി: പെഗാസസ് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനിടയിലും ഭരണഘടനാ ഭേദഗതി ബില്ലുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിക്കും. പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഭരണഘടന (127-ാം ഭേദഗതി) ബില്ലിനെ എല്ലാ പ്രതിപക്ഷ കക്ഷികളും പിന്തുണയ്ക്കുമെന്ന് വിവിധ പാര്‍ട്ടി നേതാക്കളുമായുള്ള യോഗത്തിന് ശേഷം രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാലാമത്തെയും അവസാനത്തെയും ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍  പെഗാസസ് വിവാദത്തിലടക്കം കേന്ദ്രത്തെ പ്രതിരോധത്തിലാക്കാനുള്ള പൊതു തന്ത്രം രൂപവത്കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കുള്ള സംയുക്ത തന്ത്രം രൂപവത്കരിക്കാന്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ 14 നേതാക്കള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി അദ്ദേഹത്തിന്റെ ഓഫീസിലാണ് യോഗം ചേർന്നത്.

പാര്‍ലമെന്റിന്റെ 26 ദിവസം നീണ്ടുനില്‍ക്കുന്ന വര്‍ഷകാല സമ്മേളനം കഴിഞ്ഞ മാസം 19-നാണ് ആരംഭിച്ചത്. സമ്മേളനം ഈ മാസം 13 ന് അവസാനിക്കാനിരിക്കെ പെഗാസസ് വിഷയം, കാര്‍ഷിക നിയമങ്ങള്‍, മറ്റ് വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്സഭയിലും രാജ്യസഭയിലും നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തിയിരുന്നു. 

പാര്‍ലമെന്റ് നടപടികള്‍ പ്രതിപക്ഷം തടസ്സപ്പെടുത്തുകയാണെന്നാരോപിച്ച് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റ് സ്തംഭനത്തിന് കാരണം കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസിന് പാര്‍ലമെന്റ് നടത്തിപ്പിലോ ചര്‍ച്ചകളിലോ താത്പര്യമില്ലെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് തുടര്‍ച്ചയായി പ്രതിപക്ഷം ഇരുസഭകളിലും പ്രതിഷേധമുയര്‍ത്തുന്ന പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

Content Highlights: Opposition parties support Constitution Amendment Bill 2021 amid deadlock with Govt in Parliament