ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിന് പുറത്ത് 'മോക്ക് പാർലമെന്റ്' നടത്താൻ പ്രതിപക്ഷം. പ്രതിപക്ഷ ശബ്ദം ജനങ്ങളിലേക്കെത്താൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും ഒരു ബില്ലിന് പിറകേ മറ്റൊന്നായി തുടരെ ബില്ലുകൾ പാസ്സാക്കികൊണ്ടിരിക്കുകയാണെന്നും ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ നടപടി. നാളെ രാവിലെ 10 മണിക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും.

പെഗാസസ് ഫോൺ ചോർത്തൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്ന് പറഞ്ഞ പ്രതിപക്ഷം ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു. വർഷകാല സമ്മേളനം ആരംഭിച്ചതുമുതൽ പെഗാസസ് ഫോൺ ചോർത്തൽ, കർഷക സമരം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുളള പ്രതിപക്ഷ പ്രതിഷേധങ്ങൾ മൂലം പാർലമെന്റ് നടപടികൾ തടസ്സപ്പെട്ടിരുന്നു.

വർഷകാല സമ്മേളനം ആരംഭിച്ചതുമുതൽ സാധ്യമായ 107 മണിക്കൂറിൽ 18 മണിക്കൂർ മാത്രമാണ് പാർലമെന്റ് പ്രവർത്തിച്ചിട്ടുളളത്. തന്മൂലം നികുതിദായകർക്കുണ്ടാകുന്ന നഷ്ടം 133 കോടിയാണെന്ന് ഉന്ന വൃത്തങ്ങൾ പറയുന്നു. 89 മണിക്കൂർ ജോലി സമയമാണ് പാഴായിപ്പോയത്.

പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ പുതിയ മന്ത്രിസഭയിലെ മന്ത്രിമാരെ പരിചയപ്പെടുത്താൻ പോലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചിരുന്നില്ല. സഭ നിർത്തിവെക്കുന്നതുവരെ ബഹളം തുടർന്നിരുന്നു.

Content Highlights:Opposition parties plan to hold a mock parliament