ന്യൂഡല്‍ഹി: വര്‍ഷകാല സമ്മേളനം പുരോഗമിക്കുന്ന പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ലോക്‌സഭ ഇനി തിങ്കളാഴ്ച ചേരും.

രണ്ട് വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തയ്യാറാകുന്നതുവരെ സഭാ നടപടികള്‍ തടസ്സപ്പെടുത്താനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ പാര്‍ലമെന്റില്‍ ഇന്നുചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചു. ബാനറുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്.

ശിരോമണി അകാലിദള്‍, ബി.എസ്.പി, കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രം തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് നാളെ രാഷ്ട്രപതിയെ കാണാനാണ് തീരുമാനമെന്ന് അകാലിദള്‍ എം.പി ഹര്‍സിമ്രത് കൗര്‍ പറഞ്ഞു.

അതേസമയം, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഗൗരവമുള്ള വിഷയമല്ലെന്നും ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനുണ്ടെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അഭിപ്രായപ്പെട്ടു. ഒരു ചര്‍ച്ചയിലും പ്രതിപക്ഷം പങ്കെടുക്കുന്നില്ലെന്നും ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടക്കാതെ ബില്ലുകള്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: Opposition parties continous to protest in parliament over pegasus and farm law