ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കേ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ പ്രഖ്യാപിച്ച റാലി ബുധനാഴ്ച ഡല്‍ഹിയില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഒറ്റയാള്‍ സമരം പ്രഖ്യാപിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന റാലി രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ ഐക്യത്തിനു വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'സേച്ഛാധിപത്വം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക' എന്ന പേരില്‍ എ.എ.പി.യാണ് ജന്തര്‍മന്ദറില്‍ റാലി സംഘടിപ്പിക്കുന്നത്. എന്‍.സി.പി., ഡി.എം.കെ., എസ്.പി., ബി.എസ്.പി. തുടങ്ങിയവര്‍ പങ്കെടുക്കും. അതേസമയം, കോണ്‍ഗ്രസ് പങ്കെടുക്കുന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. എ.എ.പി.യാണ് റാലിയുടെ സംഘാടകരെന്നതിനാലാണ് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.

റാലിയില്‍ പങ്കെടുക്കാന്‍ മമത ചൊവ്വാഴ്ച വൈകീട്ട് ഡല്‍ഹിയിലെത്തി. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയിലെ ബ്രിഗേഡ് റോഡില്‍ നടന്ന പ്രതിപക്ഷറാലിയില്‍ 23-ലധികം പ്രതിപക്ഷനേതാക്കള്‍ പങ്കെടുത്തിരുന്നു. ഇവരില്‍ ഭൂരിഭാഗവും ഡല്‍ഹിയിലെത്തുമെന്നാണ് എ.എ.പി.യുടെ പ്രതീക്ഷ. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, എന്‍.സി.പി. നേതാക്കളായ ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, ഡി.എം.കെ. നേതാവ് കനിമൊഴി തുടങ്ങിയവരും റാലിയില്‍ പങ്കെടുത്തേക്കും. ലോക്‌സഭ സമ്മേളനം അവസാനിച്ചതിനുശേഷം വിവിധ എം.പിമാരും റാലിയുടെ ഭാഗമാകും. 

Content Highlights: opposition parties big rally in delhi