ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും പ്രതിപക്ഷപാര്‍ട്ടികള്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ യോഗം ചേരും. തിരഞ്ഞെടുപ്പിനുമുന്പ് സ്വീകരിക്കേണ്ട തന്ത്രങ്ങളും പ്രചാരണപരിപാടികളുമാണ് പ്രധാന അജന്‍ഡ. ചൊവ്വാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കൈക്കൊള്ളേണ്ട സംയുക്തനിലപാടുകളും ചര്‍ച്ച ചെയ്യും.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുന്നതിന്റെ തലേന്നാണ് യോഗം. വിവിധ എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കിയത് പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

ടി.ഡി.പി. നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് യോഗം വിളിച്ചത്. യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എന്‍.സി.പി.നേതാവ് ശരദ് പവാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിന്‍, ആം ആദ്മി പാര്‍ട്ടിനേതാവ് അരവിന്ദ് കെജ്രിവാള്‍, ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ്, ലോക്താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ്, സമാജ് വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ്, ബി.എസ്.പി. നേതാവ് സതീഷ് ചന്ദ്ര മിശ്ര തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

ഒഡിഷ മുഖ്യമന്ത്രിയും ബി.ജെ.ഡി. നേതാവുമായ നവീന്‍ പട്നായിക്കിനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും വിട്ടുനില്‍ക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പിനുമുമ്പ് സഖ്യം വേണ്ടെന്നാണ് ബി.ജെ.ഡി. നേരത്തേ കൈക്കൊണ്ട തീരുമാനം.

contenthighlights: Opposition Meets Today To Chart Course For 2019 Grand Alliance