ന്യൂഡല്‍ഹി : പുതിയ കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ വിവിധ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാനൊരുങ്ങുന്നു. ബുധനാഴ്ചയാണ് കൂടിക്കാഴ്ച. കര്‍ഷകപ്രക്ഷോഭം ശക്തിപ്രാപിച്ച പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. 

രാഷ്ട്രപതിയെ കാണുന്നതിന് മുമ്പ് പ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തി യോജിച്ച നിലപാടിലെത്തുമെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍ പറഞ്ഞു. എന്‍സിപിക്കു പുറമെ കോണ്‍ഗ്രസ്സ്, സിപിഎം, സിപിഐ, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്സ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഈ പാര്‍ട്ടികളെല്ലാം പിന്തുണ അറിയിച്ചിരുന്നു.

എന്‍സി പി നേതാവ് ശരത് പവാര്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍, കോൺഗ്രസ് നേതാവ്  രാഹുല്‍ ഗാന്ധി എന്നീ നേതാക്കളാണ് രാഷ്ട്രപതിയെ കാണുന്നത്. 

കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ റെയില്‍ ഗതാഗതത്തെ വരെ തടസ്സപ്പെടുത്തി കര്‍ഷക പ്രക്ഷോഭം ശക്തി പ്രാപിച്ചിരുന്നു. ദേശീയ പാതയോരങ്ങളിലും പ്രതിഷേധം ശക്തമാണ്.

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിനിടെ ഇടതുനേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റിലാണ്.  എംപിയും അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റെ സെക്രട്ടറിയുമായ കെ. കെ. രാഗേഷ് , അഖിലേന്ത്യാ കിസാന്‍ സഭാ ഫിനാന്‍സ് സെക്രട്ടറി കൃഷ്ണ പ്രസാദ് എന്നിവര്‍ ബിലാസ്പുരില്‍ അറസ്റ്റിലായി. ഇന്ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുന്നുണ്ട്. മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ഇടതുനേതാക്കളെയാണ് ബിലാസ്പൂരിലടക്കം അറസ്റ്റ് ചെയ്തത്. അനുരഞ്ജനങ്ങള്‍ക്ക് വഴങ്ങാതെ കര്‍ഷക പ്രക്ഷോഭം അതിശക്തമായി തന്നെ മുന്നേറുന്നതിനിടയിലാണ് അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. വലിയ തോതിലുള്ള പ്രതിഷേധ പരിപാടിയിലേക്കു നീങ്ങവെയാണ് പോലീസ് നേതാക്കളെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും വീട്ടുതങ്കലിലാണ്.

content highlights: Opposition leaders to meet President To repeal farm laws,