ന്യൂഡൽഹി : രാജ്യത്ത് ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിനെതിരേ രാജ്യ തലസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടത്തിയ കൂറ്റൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദഹം.

പ്രതിപക്ഷ പാർട്ടി നേതാക്കളും എം.പിമാരും കൂട്ടമായി വിജയ് ചൗക്കിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. പെഗാസസ് ഫോൺ ചോർത്തൽ, കർഷക നിയമം തുടങ്ങിയവ പ്രതിപക്ഷം ഉന്നയിച്ചു. കോൺഗ്രസ് പാർലമെന്ററി യോഗത്തിന് ശേഷമായിരുന്നു പ്രതിഷേധ പ്രകടനം. വിഷയത്തില്‍ പ്രതിപക്ഷ എം.പിമാര്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെയും കണ്ടു.

delhi
പ്രതിപക്ഷ എംപിമാര്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡുവിനെ സന്ദര്‍ശിച്ചപ്പോള്‍.

"ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് നിങ്ങളോട് സംസാരിക്കാനാണ്. പാർലമെന്റിൽ വെച്ച് കേന്ദ്രം പ്രതിപക്ഷ അംഗങ്ങൾക്ക് സംസാരിക്കാനുള്ള അവസരം പോലും നൽകിയിരുന്നില്ല. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്". കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

പാർലമെന്റ് സെഷൻ അവസാനിച്ചിരിക്കുന്നു. എന്നാൽ 60 ശതമാനത്തോളം വിഷയങ്ങളും ഇനിയും ചർച്ച ചെയ്തിട്ടില്ല. രാജ്യത്തിന്റെ ശബ്ദം തകർക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തുവെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ പാർലമെന്റിൽ പറയാൻ അവസരം ലഭിച്ചില്ല. ഇന്നലെ വനിതാ എം.പിമാർക്ക് നേരെ നടന്ന കൈയേറ്റം ജനാധിപത്യത്തിന് നേരെയുള്ളതാണ്. ഈ നിൽപ് പാകിസ്താൻ ബോർഡറിൽ നിൽക്കുന്നത് പോലെ തോന്നിപ്പിക്കുന്നുവെന്നു ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

കേന്ദ്ര സർക്കാരിനെതിരേ അസാധാരണമാം വിധത്തിൽ ഒരു ഐക്യനിര പ്രതിപക്ഷത്ത് രൂപപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ കേന്ദ്രത്തിനെതിരേ ഇത്തരത്തിൽ പ്രതിഷേധ മാർച്ച് ഉണ്ടായിരിക്കുന്നത്.

ഇന്നലെ പാർലമെന്റിൽ ഇൻഷുറൻസ് ഭേദഗതി ബില്ല് പാസാക്കിയെടുക്കുന്ന സമയത്ത് മാർഷലുകളെ ഉപയോഗിച്ച്  പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞു എന്ന വിഷയമാണ് ഇപ്പോൾ പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്നത്. പാർലമെന്റ് ചരിത്രത്തിൽ ഒരിക്കലും ഇത്തരത്തിൽ മാർഷലുകളെ ഉപയോഗിച്ച് ഒരു ബില്ല് പാസാക്കിയിട്ടില്ല എന്നാണ് പ്രതിപക്ഷ നേതാക്കൾ പറയുന്നത്. 

Content Highlights: Opposition leaders march towards Vijay Chowk from Parliament