ന്യുഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ അഞ്ചാം വാര്‍ഷികത്തില്‍ കേന്ദ്രത്തിനെതിരെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടി പ്രതിപക്ഷം. കേന്ദ്രസര്‍ക്കാരിനെതിരേ ഒരു പിടി ചോദ്യങ്ങളുന്നയിച്ചുകൊണ്ടുള്ള പ്രിയങ്ക ഗാന്ധിയുടെയും ശശി തരൂരിന്റെയും ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

'നോട്ട് നിരോധനം വിജയമായിരുന്നെങ്കില്‍ എന്തുകൊണ്ട് അഴിമതി അവസാനിച്ചില്ല? എന്തുകൊണ്ട് കള്ളപ്പണം തിരികെ വന്നില്ല? എന്തുകൊണ്ട് പണരഹിത സമ്പദ് വ്യവസ്ഥയില്ല? എന്തുകൊണ്ട് തീവ്രവാദം തുടച്ചുനീക്കുന്നതില്‍ വിജയിച്ചില്ല? എന്തുകൊണ്ടാണ് പണപ്പെരുപ്പം നിയന്ത്രിക്കാനാകാത്തത്?', സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

തെറ്റായി ചിന്തിച്ച് മോശമായി നടപ്പാക്കിയ തീരുമാനമാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നോട്ട് അസാധുവാക്കല്‍ നടപടിയെ വിശേഷിപ്പിച്ചത്. 'അഞ്ച് വര്‍ഷം മുമ്പ്, ആവേശപൂര്‍വ്വം വിഭാവനം ചെയ്ത് തെറ്റായി ചിന്തിച്ച്, മോശമായി നടപ്പിലാക്കിയ തീരുമാനം നമ്മുടെ സമ്പദ്വ്യവസ്ഥയുടെ അടിത്തട്ടിലാണ് വന്നു പതിച്ചത്. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സമയമായി', ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

2016 നവംബര്‍ 8-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് 500, 1000 രൂപ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ ഇനി രാജ്യത്ത് നിയമപരമല്ലെന്ന് പ്രഖ്യാപിച്ചത്. കേന്ദ്രത്തിന്റെ പൊടുന്നനെയുള്ള നീക്കത്തെ തുടര്‍ന്ന് പുതിയ നോട്ടുകള്‍ പിന്‍വലിക്കാനും പഴയ നോട്ടുകള്‍ മാറാനും ആളുകള്‍ നെട്ടോട്ടമോടിയപ്പോള്‍ എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും പുറത്ത് നീണ്ട ക്യൂവാണ് രാജ്യത്തുടനീളം രൂപപ്പെട്ടത്.

Content Highlights: Opposition lashes out at centre as fifth year of demonetisation