ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളില്‍ സൈന്യത്തിന്റെ ത്യാഗത്തെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം. അതിര്‍ത്തിയില്‍ ഇന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിക്കാന്‍ തയ്യാറാകാത്തതിനെയും ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗം വിമര്‍ശിച്ചു.

ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയെ തുടര്‍ന്ന് അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്‍ വിമാനം ഇന്ത്യ വെടിവെച്ചിടുകയും ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ പാകിസ്താന്റെ പിടിയിലാവുകയും ചെയ്തതടക്കമുള്ള പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികളുടെ യോഗം സംയുക്ത പ്രസ്താവനയിറക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി 21 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു.

സങ്കുചിതമായ രാഷ്ട്രീയ പരിഗണനകളുടെ പേരില്‍ ദേശീയ സുരക്ഷയെ അപായപ്പെടുത്തരുതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ ത്യാഗത്തെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ബിജെപിയുടെ നേട്ടമായി അവതരിപ്പിക്കുന്നതിനെതിരേ പ്രധാനമന്ത്രി മോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും പ്രസ്താവനയില്‍ വിമര്‍ശിക്കുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിക്കു ശേഷം  രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയും, മോദിയാണ് ഒരേയൊരു ലോക നേതാവ് എന്ന് അമിത് ഷാ നടത്തിയ പ്രസ്താവനയും എടുത്തുപറഞ്ഞായിരുന്നു പ്രതിപക്ഷ കക്ഷികളുടെ വിമര്‍ശനം.

ഇന്ത്യയെ ലക്ഷ്യംവെച്ചുള്ള പാകിസ്താന്റെ സൈനിക നീക്കങ്ങളെ യോഗം അപലപിക്കുന്നതായും പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ വൈമാനികന്റെ സുരക്ഷയില്‍ ആങ്കപ്രകടിപ്പിക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യം സൈനികന്റെ ജീവനില്‍ ആശങ്കപ്പെടുമ്പോഴും പ്രധാനമന്ത്രിയും ബിജെപി നേതാക്കളും രാഷ്ട്രീയ വിഷയങ്ങളില്‍ മുഴുകുന്നതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു.  കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മന്‍മോഹന്‍ സിങ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയ നേതാക്കളും പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ പങ്കെടുത്തു.

Content Highlights: Opposition parties meet, BJP, politicisation of armed forces’ sacrifice, Balakot Attack, Abhinandan