ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാജ്യസഭയ്ക്കു പിന്നാലെ ലോക്‌സഭയും പ്രതിപക്ഷം ബഹിഷ്‌കരിച്ചു. കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതിനു പിന്നാലെയാണ് ലോക്‌സഭയില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.

 കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസിന്റെ സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ബില്‍ തിരികെ വിളിച്ച് വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് മുന്നോട്ടുവെച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

രാജ്യസഭയും ലോക്‌സഭയും ഇരട്ടസഹോദരങ്ങളെ പോലെയാണ്. ഒരാള്‍ക്ക് വേദനിച്ചാല്‍ മറ്റേയാള്‍ക്ക് ഉത്കണ്ഠയുണ്ടാകും. ഞങ്ങളുടെ പ്രശ്‌നം കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ടതാണ്. അത് പിന്‍വലിക്കണം. തോമര്‍ജി(കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍) അത് പിന്‍വലിക്കാന്‍ തയ്യാറായാല്‍ സഭ തുടരുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല.- അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

ലോക്‌സഭയില്‍ അഞ്ചുമണിക്കൂര്‍ ചര്‍ച്ച നടത്തിയതിനു ശേഷമാണ് ബില്‍ രാജ്യസഭയിലേക്ക് പോയതെന്നും രാജ്യസഭയിലെ വിഷയങ്ങള്‍ കോര്‍ത്തിണക്കി ലോക്‌സഭയില്‍ വിഷയം ഉന്നയിക്കാന്‍ സാധിക്കില്ലെന്നുമുള്ള നിലപാട് സ്പീക്കര്‍ ഓം ബിര്‍ള സ്വീകരിച്ചു. ഇതിനെ തുടര്‍ന്ന് സഭാസമ്മേളനം ബഹിഷ്‌കരിക്കുന്നുവെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം പുറത്തേക്കിറങ്ങിയത്.

content highlights: opposition boycotts loksabha over farm bills