ലഖ്‌നൗ: ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ രാജവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ പ്രതിപക്ഷത്തിനെതിരെ ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്താരാഷ്ട്ര ഫണ്ടിങ്ങിലൂടെ പ്രതിപക്ഷം സംസ്ഥാനത്ത് ജാതി-വര്‍ഗീയ കലാപങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുററപ്പെടുത്തി. വാർത്താ ഏജൻസിയായ എ.എൻ.ഐയോടായിരുന്നു ആദിത്യനാഥിന്റെ പ്രതികരണം.

അന്താരാഷ്ട്ര ഫണ്ടിങ്ങിലൂടെ ജാതി-വര്‍ഗീയ കലാപങ്ങള്‍ക്ക് അടിത്തറപാകാന്‍ ശ്രമിച്ചുകൊണ്ട് പ്രതിപക്ഷം ഞങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിപക്ഷ പാര്‍ട്ടികള്‍ കലാപം കാണാന്‍ ആഗ്രഹിക്കുന്നു. ഇത്തരം ഗൂഢാലോചനകള്‍ക്കെല്ലാമിടയില്‍ ഞങ്ങള്‍ക്ക് മുന്നോട്ടുപോകേണ്ടതുണ്ട്.' ആദിത്യനാഥ് പറഞ്ഞു. 

സാമൂഹികവിരുദ്ധര്‍ക്കും ദേശവിരുദ്ധര്‍ക്കും സംസ്ഥാനത്തിന്റെ വികസനം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായി ആത്മസമര്‍പ്പണത്തിന് തയ്യാറാകണമെന്ന് ബി.ജെ.പി പ്രവര്‍ത്തകരോട് ആദിത്യനാഥ് അഭ്യര്‍ഥിക്കുകയും ചെയ്തു. 

ബി.ജെ.പി. പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ വികസനത്തിനായി സ്വയം സമര്‍പ്പിക്കേണ്ടതുണ്ട്. സാമൂഹിക വിരുദ്ധരും ദേശ വിരുദ്ധരും ആയവര്‍ക്ക് സംസ്ഥാനത്തിന്റെ വികസനം അംഗീകരിക്കുന്നതില്‍ പ്രയാസം നേരിടുകയാണ്. കാരണം അവര്‍ എല്ലായ്‌പ്പോഴും  കലാപബാധിതമായ ഉത്തര്‍പ്രദേശിനെയാണ് ആഗ്രഹിച്ചത്. അതിനാല്‍ അവര്‍ ഇപ്പോള്‍ ഗൂഢാലോചനകള്‍ നടത്തിവരികയാണ്.' യോഗി ആദിത്യനാഥ് പറയുന്നു. 

 

Content Highlights: Hathras case: Opponents are trying to lay a foundation for caste and communal riots through international funding says Yogi Adityanath