പുതിയ പാർലമെന്റ് കെട്ടിടം, ഗുലാം നബി ആസാദ്
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കത്തെ വിമര്‍ശിച്ച് ഡി.പി.എ.പി പാര്‍ട്ടി അധ്യക്ഷന്‍ ഗുലാം നബി ആസാദ്. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം സ്ഥാപിച്ചതിന് വിമര്‍ശിക്കുകയല്ല, ബിജെപി സര്‍ക്കാരിനെ അഭിനന്ദിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരം അനിവാര്യമായിരുന്നു. അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് പ്രധാനമന്ത്രിയാണോ രാഷ്ട്രപതിയാണോ എന്നത് വലിയ വിഷയമല്ല. ഉദ്ഘാടന ദിവസം ഡല്‍ഹിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും ചടങ്ങില്‍ പങ്കെടുക്കുമായിരുന്നു. എന്നാല്‍ അന്ന് മറ്റൊരു പരിപാടിയുള്ളതിനാല്‍ ചടങ്ങിനെത്താനാകില്ല. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നെന്നും ഗുലാം നബി പറഞ്ഞു.
'ഏകദേശം 30-35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്നപ്പോള്‍ പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മാണം ഞങ്ങള്‍ സ്വപ്‌നം കണ്ടിരുന്നു. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവും ശിവരാജ് പാട്ടീലും ഞാനും പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്യുകയും ഏകദേശ രൂപരേഖയുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഞങ്ങള്‍ക്കത് ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ ഇന്നതിന്റെ നിര്‍മാണം പൂര്‍ത്തിയായി. അത് നല്ലൊരു കാര്യമാണ്', ആസാദ് പറഞ്ഞു.
ഇത്ര ചെറിയ സമയത്തിനുള്ളില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പറഞ്ഞ ഗുലാം നബി, ഈ നേട്ടം കൈവരിച്ച കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു.
പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെ 19 പ്രതിപക്ഷ പാര്‍ട്ടികളാണ് മേയ് 28-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുള്ളത്. ഉദ്ഘാടനം രാഷ്ട്രപതി നിര്‍വഹിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Content Highlights: Oppn should praise: Ghulam Nabi Azad slams row over new Parliament building


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..