ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ തിങ്കളാഴ്ച തുടങ്ങുന്ന ശൈത്യകാല സമ്മേളനത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യവും കര്‍ഷക പ്രശ്നങ്ങളും തൊഴിലില്ലായ്മയും ഉയര്‍ത്തുമെന്ന് പ്രതിപക്ഷം. കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ മോചനവും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാക്കള്‍ സര്‍വകക്ഷി യോഗത്തിന് ശേഷം പറഞ്ഞു.
മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ ശൈത്യകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. സമാനമായ സാഹചര്യങ്ങളില്‍ എംപിമാര്‍ക്ക് പാര്‍ലമെന്റില്‍ പങ്കെടുക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. എന്ത് വിഷയം വേണമെങ്കിലും പാര്‍ലമെന്റില്‍ ഉന്നയിക്കാമെന്ന് പ്രധാനമന്ത്രിയും സര്‍ക്കാരും പ്രതിപക്ഷത്തിന് ഉറപ്പ് തന്നിട്ടുണ്ടെങ്കിലും അതൊന്നും നടപ്പിലാവുന്നില്ലെന്നും ഗുലാം നബി പറഞ്ഞു.
''സ്റ്റാന്‍ഡിങ് കമ്മറ്റികളുടെ സൂക്ഷ്മ പരിശോധനയില്ലാതെ ബില്ലുകള്‍ പാസാക്കണമെന്നുള്ളതാണ് അവരുടെ ആവശ്യം. തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം, മലിനീകരണം തുടങ്ങി സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ സഭകളില്‍ ഉയര്‍ത്താനാണ് പതിപക്ഷം ലക്ഷ്യമിടുന്നത്. ഫാറൂഖ് അബ്ദുള്ളയുടെ വിഷയം നേരത്തെ തന്നെ പലരും ഉയര്‍ത്തിയതാണ്. അദ്ദേഹം നിര്‍ബന്ധമായും പാര്ലമെന്റിലുണ്ടാവണം''- ലോക്സഭ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
എന്നാല്‍ ഫാറൂഖ് അബ്ദുള്ളയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാന്‍ സര്‍ക്കാരോ ബി.ജെ.പിയോ തയ്യാറായിട്ടില്ല. പാര്‍ലമെന്റ് സമ്മേളനത്തില്‍ മുതിര്‍ന്ന അംഗങ്ങളിലൊരാളായ ഫാറൂഖ് അബ്ദുള്ളയെ പങ്കെടുപ്പിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന് നാഷണല്‍ കോണ്‍ഫ്രന്‍സ് എം.പി ഹസ്നൈന് മസൂദി പറഞ്ഞു.
കശ്മീരിലെ അന്തരീക്ഷം മോശമാണ്. അതും പാര്‍ലമെന്റില്‍ ഉന്നയിക്കും. എങ്ങനെയാണ് ഒരു ജനപ്രതിനിധിയെ നിയമവിരുദ്ധമായി തടവില്‍വെക്കാന്‍ ഒരു ഭരണകൂടത്തിന് സാധിക്കുകയെന്നും മസൂദി ചോദിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷ, ഭരണപക്ഷ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 13 വരെയാണ് പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം നീണ്ടുനില്‍ക്കുക.
content highlights: Oppn flags economy, job loss, demands Farooq Abdullah be allowed to attend Parliament