ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തിലുളള സര്‍ക്കാരില്‍ നിന്ന് ഭിന്നമായ അഭിപ്രായമുളളത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീം കോടതി. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുളളയ്‌ക്കെതിരായ പൊതുതാല്പര്യ ഹര്‍ജി കേള്‍ക്കവേയാണ് കോടതിയുടെ അഭിപ്രായ പ്രകടനം. ഹര്‍ജി സുപ്രീം കോടതി തള്ളുകയും ചെയ്തു. 

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഫാറൂഖ് അബ്ദുളള നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരേയാണ് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നത്. 

പ്രശ്‌നത്തില്‍ ഫാറൂഖ് അബ്ദുളള പാകിസ്താന്റെയും ചൈനയുടെയും സഹായം തേടിയതായും ഹര്‍ജിയില്‍ ആരോപണമുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട കോടതി ഹര്‍ജിക്കാരന് 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. 

ഫാറൂഖ് അബ്ദുളള രാജദ്രോഹ പരാമര്‍ശം നടത്തുന്നതായി 2020 ഒക്ടോബറില്‍ ബിജെപിയും ആരോപണം ഉന്നയിച്ചിരുന്നു. ഫാറൂഖ് അബ്ദുളള ചൈനയില്‍ ഒരു ഹീറോ ആയിക്കഴിഞ്ഞെന്ന് ബിജെപി ദേശീയ വക്താവ് സംപിത്‌ പത്ര പറഞ്ഞിരുന്നു. ചൈനയുടെ പിന്തുണയുടെ പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്ന് ഫാറൂഖ് അബ്ദുളള ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം ആരോപിച്ചു. 

Content Highlights: opinion different from Centre not sedition says Supreme Court