രാജ്യമിപ്പോള്‍ ഉറ്റുനോക്കുന്നത് കര്‍ണാടകയിലേക്കാണ്.. കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ രണ്ടാം ഓപ്പറേഷന്‍ താമര നടപ്പാക്കാനൊരുങ്ങിയ ബി.ജെ.പി ശ്രമങ്ങള്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച പ്രതിസന്ധി തുടരുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സംസ്ഥാനത്തെ അധികാരം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി നടത്തിയ ശ്രമം പരാജയപ്പെടുത്താനുള്ള കഠിന പരിശ്രമത്തിലാണ് കോണ്‍ഗ്രസ് ക്യാമ്പ്. കാണാതായ എം.എല്‍.എ ഭീമാനായിക് തിരിച്ചെത്തിയതോടെ 18ന് നടക്കുന്ന ഭരണപക്ഷ എം.എല്‍.എമാരുടെ യോഗത്തില്‍ മുഴുവന്‍ എം.എല്‍.എമാരെയും എത്തിക്കാമെന്ന് ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതാക്കള്‍.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആദ്യമായി റിസോര്‍ട്ട് രാഷ്ട്രീയം അവതരിപ്പിച്ചതും രണ്ടു തവണ വിജയകരമായി നടപ്പാക്കിയതും കോണ്‍ഗ്രസായിരുന്നു. നേരത്തെ ഗുജറാത്തിലെ പാര്‍ട്ടി എം.എല്‍.എമാരെയും കഴിഞ്ഞ വര്‍ഷം നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിന്റെ സമയത്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെയും മറുകണ്ടം ചാടുന്നത് തടയാനായിരുന്നു കോണ്‍ഗ്രസിന്റെ ഇടപെടല്‍. കര്‍ണാടകയിലെ സംസ്ഥാന ഭരണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് നൂറുകണക്കിന് കോടികള്‍ തലങ്ങും വിലങ്ങും എറിഞ്ഞിട്ടും ഭരണം പിടിക്കാന്‍ ബി.ജെ.പിയ്ക്ക് കഴിയാതെ പോയത് കോണ്‍ഗ്രസിന്റെ റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ മികവ് കാരണമായിരുന്നു.

നിലവിലെ ബി.ജെ.പിയുടെ സാഹചര്യം ഒട്ടും പന്തിയല്ല. ഹിന്ദി ഹൃദയഭൂമികകള്‍ കൈവിട്ടു കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളും കടുത്ത വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം കൈവിട്ടുപോയ കര്‍ണാടകയില്‍ ഭരണം തിരിച്ചുപിടിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താനുള്ള ശ്രമം ബി.ജെ.പി നടത്തിയത്. അതിനായി അവര്‍ കൈകൊണ്ട മാര്‍ഗവും റിസോര്‍ട്ട് രാഷ്ട്രീയം തന്നെയായിരുന്നു. 

congress-JDS Combine leads in karnataka bypolls

വളരെ ആസൂത്രിതമായിരുന്നു ബി.ജെ.പി നീക്കങ്ങള്‍. മറുകണ്ടം ചാടാന്‍ തയ്യാറായ എം.എല്‍മാരെ എത്തിച്ചത് മുംബൈയിലെ ആഡംബര റിസോര്‍ട്ടുകളില്‍. അവിടെ കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് മഹാരാഷ്ട്ര ബി.ജെ.പി നേതാവും മന്ത്രിയുമായ റാം ഷിന്‍ഡെ ഉള്‍പ്പടെയുള്ളവര്‍. ദിവസങ്ങള്‍ക്കകം കര്‍ണാടക സര്‍ക്കാര്‍ വീഴുമെന്ന ഷിന്‍ഡെയുടെ പ്രസ്താവന ബി.ജെ.പിയുടെ ആത്മവിശ്വാസം വെളിപ്പെടുത്തുന്നതായിരുന്നു.എന്നാല്‍ ബി.ജെ.പിയുടെ ഈ നീക്കം കര്‍ണാടക രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ ചാണക്യനായ ഡി.കെ ശിവകുമാറും സംഘവും നേരത്തെ തിരിച്ചറിഞ്ഞു എന്ന് തന്നെ മനസ്സിലാക്കണം. 

എന്തായാലും ഏഴ് മാസം പ്രായമുള്ള കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ താഴെയിടാനുള്ള ബി.ജെ.പി നീക്കം രണ്ട് സ്വതന്ത്ര്യ എം.എല്‍.എമാരുടെ പിന്തുണ പിന്‍വലിക്കലില്‍ ഒതുങ്ങി നില്‍ക്കുകയാണ്. കാണാതായെന്ന് പറയപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഒരാള്‍ ക്യാമ്പില്‍ തിരിച്ചെത്തിയിരിക്കുന്നു. ബാക്കിയുള്ളവര്‍ ഉടന്‍ മടങ്ങിയെത്തുമെന്നാണ് കെ.സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ബി.ജെ.പി നേതൃത്വം ഇനി എന്ത് നീക്കം നടത്തുമെന്ന് ഉറ്റുനോക്കുകയാണ് കോണ്‍ഗ്രസ് നേത്യത്വം. എങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ആറോളം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സ്ഥാനം രാജിവെക്കുമെന്നും തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് ബി.ജെ.പി ക്യാമ്പ്.

content highlights: : operation lotus, Karnataka, political crisis