ന്യൂഡല്‍ഹി: 1988 നവംബര്‍ മൂന്ന്.. മാലദ്വീപുകാര്‍ക്ക് ആ ദിനം ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ സൈന്യം നടത്തിയ ധീരോദാത്തമായ ഇടപെടലിനെ തുടര്‍ന്ന് മാലദ്വീപ് സായുധ അട്ടിമറിയില്‍ നിന്ന് രക്ഷപ്പെട്ട ദിനമാണത്. 1988 നവംബര്‍ മൂന്നിനായിരുന്നു മാലദ്വീപിനെയും വിശിഷ്യ ലോകരാജ്യങ്ങളെയും ഏറെ ആശങ്കപ്പെടുത്തിയ സായുധ അട്ടിമറിക്ക് അരങ്ങൊരുങ്ങിയത്.  

മാലദ്വീപിലെ ബിസിനസുകാരനായ അബ്ദുള്ള ലുത്തുഫിയുടെ പിന്തുണയില്‍ വിമതരും ശ്രീലങ്കയിലെ പീപ്പിള്‍സ് ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് തമിഴ് ഈഴം എന്ന തീവ്രവാദ സംഘടനയും ചേര്‍ന്ന് മാലദ്വീപ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു. തീവ്രവാദികളെ പണം നല്‍കി ആക്രമണത്തിനായി മാലദ്വീപില്‍ എത്തിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അബ്ദുള്ള ലുത്തുഫിയായിരുന്നു. 

അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു. തീവ്രവാദികള്‍ മാലദ്വീപിലെ നാഷണല്‍ സെക്യൂരിറ്റ് സര്‍വീസിന്റെ ആസ്ഥാനമുള്‍പ്പെടെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കി. 

അട്ടിമറി ശ്രമത്തിനിടെ മാലദ്വീപ് പ്രസിഡന്റ് മൗമൂന്‍ അബ്ദുള്‍ ഗയൂം ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടി. അമേരിക്ക, ബ്രിട്ടണ്‍,ശ്രീലങ്ക, മലേഷ്യ, പാകിസ്താന്‍, ഇന്ത്യ തുടങ്ങി ലോകരാജ്യങ്ങളോട് അദ്ദേഹം സൈനിക സഹായം ആവശ്യപ്പെട്ടു. അന്ന് മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന എ.കെ ബാനര്‍ജിയോട് ഗയൂം സഹായ അഭ്യര്‍ഥന നടത്തിയതിനെ തുടര്‍ന്ന്  മാലദ്വീപില്‍ സൈനിക നടപടിക്ക് പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉത്തരവ് നല്‍കി. 

ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയിലെ ഇന്ത്യയുടെ സൈനിക നടപടി അവസാനിച്ചിട്ട് അധികം നാളായിരുന്നില്ല അന്ന്. എങ്കിലും അയല്‍ രാജ്യങ്ങളിലെ സമാധാനം ഇന്ത്യയുടെ സുരക്ഷയ്ക്ക് അത്യന്താപേഷിതമാണെന്ന് കരുതിയിരുന്ന രാജീവ് ഗാന്ധി മറിച്ചൊന്നും ചിന്തിക്കാതെ സൈനിക നടപടിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

അബ്ദുള്ള ഗയൂമിന്റെ സഹായാഭ്യര്‍ഥന സ്വീകരിച്ച് മണിക്കൂറുകള്‍ക്കകം ഇന്ത്യന്‍ സൈന്യം മാലദ്വീപിലെത്തി. ബ്രിഗേഡിയര്‍ ബല്‍സാരയുടെ നേതൃത്വത്തിലുള്ള പാരച്യൂട്ട് ബ്രിഗേഡ് അതിവേഗം തീവ്രവാദികളെ തുരത്തുകയും പ്രസിഡന്റ് അബ്ദുള്ള ഗയൂമിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. 

80 മുതല്‍ 200 പേരോളം വരുന്ന തമിഴ് തീവ്രവാദികളെ നേരിടാന്‍ 300 പാരാട്രൂപ്പിനെയാണ് ഇന്ത്യ ആദ്യം അയച്ചത്. മാലദ്വീപിലെ ഹള്‍ഹള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ സൈന്യം തീവ്രവാദികളെ തുരത്തുന്നതിനിടെ കടല്‍ വഴിയും ഇന്ത്യ കൂടുതല്‍ സേനയെ അയച്ചു. പിന്നാലെ വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനങ്ങളും മാലദ്വീപില്‍ വിന്യസിച്ചു. 

ഇന്ത്യയുടെ സൈനിക നടപടി അബ്ദുള്ള ഗയൂം സ്ഥിരീകരിക്കുകയും ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ഫോണില്‍ വിളിച്ച് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ ശാന്തമാകുന്നത് വരെ മാലദ്വീപില്‍ ഇന്ത്യ സേനയെ നിലനിര്‍ത്തി. പിന്നീട് ഭൂരിഭാഗം സൈനികരെയും പിന്‍വലിച്ചെങ്കിലും 150 പാരാട്രൂപ്പേഴ്‌സിനെ വീണ്ടുമൊരു അട്ടിമറി ശ്രമം ഉണ്ടായേക്കാമെന്ന ഭയത്താല്‍ കുറച്ചുകാലം കൂടി നിലനിര്‍ത്തിയിരുന്നു. 

ഇന്ത്യയുടെ ഈ സൈനിക നടപടിയെ പിന്നീട് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ എന്നിവര്‍ അഭിനന്ദിക്കുകയും ചെയ്തു. അന്താരാഷ്ട്ര സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായി ഇന്ത്യ നടത്തിയ ഇടപെടലിനെ ലോകം പിന്നീട് പ്രശംസിച്ചു.

Content Highlights: Operation Cactus