ഹൈദരബാദ്: തെലങ്കാനയില്‍ തൂക്കുസഭ മുന്നില്‍ കണ്ട് ടി.ആര്‍.എസുമായി സഖ്യത്തിനൊരുങ്ങി ബിജെപി. കോണ്‍ഗ്രസും അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായുമൊഴിക്കെയുള്ള ഏത് പാര്‍ട്ടിയുമായി തങ്ങള്‍ തുറന്ന സഖ്യത്തിന് തയ്യാറാണെന്ന് തെലങ്കാന ബിജെപി അധ്യക്ഷന്‍ കെ.ലക്ഷമണന്‍ പ്രഖ്യാപിച്ചു.

ബിജെപി ഓപ്‌ഷനുകള്‍ തുറന്നിട്ടിട്ടുണ്ട്. തീര്‍ച്ചയായും ഞങ്ങള്‍ അധികാരത്തില്‍ വരും. അധികാരം പിടിക്കാനുള്ള സീറ്റുകള്‍ ഞങ്ങള്‍ക്കില്ലെങ്കില്‍ കോണ്‍ഗ്രസ്, എ.ഐ.എം.ഐ.എം എന്നിവരൊഴികെയുള്ള മറ്റുപാര്‍ട്ടികളുടെ സഖ്യചര്‍ച്ച നടത്തും. വിധി പ്രഖ്യാപനത്തിന് ശേഷം ദേശീയതലത്തില്‍ നിന്നുള്ള തീരുമാനത്തിനനുസൃതമായി കാര്യങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ടി.ആര്‍.എസ്.ആദ്യം നിലപാട് വ്യക്തമാക്കണം. അന്തിമ തീരുമാനം അമിത് ഷായും മോദിയുമെടുക്കും. എന്നാല്‍ പാര്‍ട്ടി തെലങ്കാനയില്‍ ഭൂരിപക്ഷം നേടുമെന്നും ലക്ഷമണ്‍ പറഞ്ഞു. 

എന്നാല്‍ തെലങ്കാനയില്‍ തങ്ങള്‍ക്ക് ആരുടേയും സഖ്യം വേണ്ടെന്നും സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ടി.ആര്‍.എസ്. വാക്താവ് ഭാനു പ്രസാദ് പറഞ്ഞു. ആരോടും സഖ്യം ആവശ്യപ്പെട്ടിട്ടില്ല.  മികച്ച ഭൂരപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന തങ്ങള്‍ക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

പുറത്ത് നിന്നുള്ള ഏതെങ്കിലും പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടുന്നകാര്യം കോണ്‍ഗ്രസും തള്ളികളയുന്നില്ല. നമ്മുടെ രാജ്യത്ത് സ്ഥിരമായൊരു രാഷ്ട്രീയ കൂട്ടുക്കെട്ടുണ്ടാകണമെന്നില്ല. സാഹചര്യത്തിനനുസരിച്ച് ഞങ്ങള്‍ സഖ്യം രൂപീകരിക്കുമെന്നും തെലങ്കാന കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി.എന്‍.റെഡ്ഡി പറഞ്ഞു. എ.ഐ.എം.ഐ.എം ആഗ്രഹിക്കുകയാണെങ്കില്‍ അവരുമായി സഖ്യത്തിലേര്‍പ്പെടാമെന്നും അദ്ദേഹം പറഞ്ഞു. 

തെലങ്കാനയില്‍ ടി.ആര്‍.എസ്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് മിക്ക എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങളും വന്നിരുന്നത്. എന്നാല്‍ ഒരു തൂക്കു സഭയ്ക്കുള്ള സാധ്യതയും കോണ്‍ഗ്രസും മറ്റു കക്ഷികളും തള്ളിയകളയുന്നില്ല.

Content Highlights: AIMIM,BJP, TRS,Telangana results