ന്യുഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികളുമായി സഖ്യത്തിനുള്ള സാധ്യത തള്ളാതെ പ്രിയങ്ക ഗാന്ധി. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് തുറന്ന സമീപനമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ 403 നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമോ അതോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കുമോ എന്ന ചോദ്യത്തിന് ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സമയമായിട്ടില്ലെന്നാണ് പ്രിയങ്ക ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സഖ്യത്തിനുള്ള സാധ്യത തള്ളിക്കളയുകയാണോ എന്ന ചോദ്യത്തിന് താന്‍ സഖ്യത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഞങ്ങള്‍ തീര്‍ത്തും അടഞ്ഞ ചിന്താഗതിക്കാരല്ലന്നും പ്രിയങ്ക പറഞ്ഞു. 

ബിജെപിയെ പരാജയപ്പെടുത്തുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും തുറന്ന മനസ്സോടെ തന്നെ ഇക്കാര്യത്തെ സമീപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തനിക്ക് ഇക്കാര്യത്തില്‍ തുറന്ന മനസ്സുണ്ടെന്നും, പക്ഷേ തന്റെ മുന്‍ഗണന എപ്പോഴും പാര്‍ട്ടിയ്ക്കാണെന്നും പ്രിയങ്ക ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Content Highlights: Open-minded on forging alliance with other parties for Uttar Pradesh polls says Priyanka Gandhi