കോയമ്പത്തൂര്‍: ഊട്ടി മേട്ടുപ്പാളയം പാതയില്‍ തുടര്‍ച്ചയായി കനത്ത മണ്ണിടിച്ചില്‍ തുടരുന്നത് കാരണം മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു. മേഖലയില്‍ കനത്ത മഴ തുടരുന്നതാണ് മണ്ണിടിച്ചിലിന് കാരണം. ഒക്ടോബര്‍ 13 വരെ നീലഗിരി ജില്ലയില്‍ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതും കാരണമാണ്.

ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് യാത്ര റദ്ദാക്കുന്നത്. ഞായറാഴ്ച രാവിലെ മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട തീവണ്ടി കല്ലാര്‍ എത്തുമ്പോഴേക്കും പാതയില്‍ മണ്ണിടിഞ്ഞ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്നു. 

മേട്ടുപ്പാളയത്തുനിന്ന് 15 കിലോമീറ്റര്‍ അകലെ ഹില്ലഗ്രോ സ്റ്റേഷന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. വ്യാഴാഴ്ച മണ്ണിടിച്ചല്‍ ഉണ്ടായതിന് ഒരു കിലോമീറ്റര്‍ അകലെയാണ് വീണ്ടും മണ്ണ് ഇടിഞ്ഞത്. താല്‍ക്കാലികമായി പാതയിലെ കല്ലും മണ്ണും മാറ്റി യാത്ര തുടരാന്‍ ശ്രമിച്ചെങ്കിലും വീണ്ടും മണ്ണ് ഇടിയുന്ന സാഹചര്യം വന്നതോടെ റെയില്‍വേ യാത്രാ റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചു.