മേട്ടുപ്പാളയം: ഊട്ടി-മേട്ടുപ്പാളയം പൈതൃകതീവണ്ടിയുടെ പ്രീമിയം തീവണ്ടി സര്‍വ്വീസ് മാര്‍ച്ച് 31 മുതല്‍. മേട്ടുപ്പാളയത്ത്‌നിന്ന് കൂനൂര്‍ വരെയാണ് സര്‍വീസ് ഉണ്ടാവുക. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ബുധനാഴ്ച രാവിലെ എട്ടിനു തുടങ്ങും.

മേട്ടുപ്പാളയത്തുനിന്ന് കൂനൂരിലേക്കുള്ള ഫസ്റ്റ്ക്ലാസ് ടിക്കറ്റ് 1100രൂപയും കുട്ടികള്‍ക്ക്(5-12 വയസ്സ് വരെ) 650 രൂപയുമാണ്. സെക്കന്‍ഡ്ക്ലാസ്സ് ടിക്കറ്റ് 800 രൂപയും, കുട്ടികള്‍ക്ക് 500 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ( 5 വയസിന് താഴെയുള്ളവര്‍ക്ക് ടിക്കറ്റ് ആവശ്യമില്ല).

ശനി, ഞായര്‍ ദിവസങ്ങളിലായി രാവിലെ 9.10നു മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട് 12ന് കൂനൂരിലെത്തുന്ന വണ്ടി ഉച്ചയ്ക്ക് 1.30ന് തിരിച്ച് 4.20 ഓടെ മേട്ടുപ്പാളയം സ്റ്റേഷനില്‍ തിരിച്ചെത്തും. ജൂണ്‍ 24 വരെയാണ് പ്രത്യേകതീവണ്ടി ഉണ്ടാവുകയെന്നു ദക്ഷിണറെയില്‍വേ അറിയിച്ചു.

2 ഫസ്റ്റ് ക്ലാസ്സ് ബോഗിയും, 1 സെക്കന്‍ഡ് ക്ലാസ്സ് ബോഗിയും ഉള്ള തീവണ്ടിയില്‍ ചാര്‍ട്ട് ചെയ്ത് വരുന്ന യാത്രക്കാര്‍ക്കായിരിക്കും മുന്‍ഗണന. ഓണ്‍ലൈന്‍ ബുക്കിങ്ങ് വഴി ടിക്കറ്റ് എടുക്കാത്തവര്‍ക്ക് സീറ്റ് ലഭ്യതക്കനുസരിച്ച് സ്റ്റേഷനില്‍ നിന്ന് നേരിട്ട് വാങ്ങാം. ഇതിനായുള്ള ഉത്തരവ് സേലം റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ ഹരിശങ്കര്‍ വര്‍മ്മ പുറപ്പെടുവിച്ചു.

content highlights: ootty-mettuppalayam heritage train special premium service booking