ന്യൂഡല്‍ഹി: നേതൃമാറ്റ രീതിയില്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. നേതൃമാറ്റത്തില്‍ വിപുലമായ കൂടിയാലോചനകള്‍ നടത്താമായിരുന്നു. തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമല്ല. അനാവശ്യ വിവാദങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ എതിരാളികളാണെന്ന തോന്നലുണ്ടാക്കിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ചാണ്ടി നിലപാട് അറിയിച്ചത്.

ഇരുപതു മിനുട്ടാണ് ഉമ്മന്‍ചാണ്ടി- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നീണ്ടത്. നേതൃമാറ്റത്തില്‍ വിപുലമായ കൂടിയാലോചന നടത്താമായിരുന്നു. നേതൃമാറ്റത്തിന് ചുമതല ഏല്‍പിച്ച നേതാക്കളോട് വിയോജിപ്പില്ല. എന്നാല്‍ അതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കങ്ങളുടെ രീതികളിലാണ് വിയോജിപ്പെന്ന് ഉമ്മന്‍ ചാണ്ടി രാഹുലിനെ അറിയിച്ചു.

നേരത്തെ രമേശ് ചെന്നിത്തലയും ഇതേ നിലപാട് സ്വീകരിച്ചിരുന്നു. എ, ഐ ഗ്രൂപ്പുകളുടെ നേതൃത്വം ഒരേ നിലപാട് സ്വീകരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. നേതൃമാറ്റ ചര്‍ച്ചകളില്‍ മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തില്‍ എടുത്തില്ലാ എന്നൊരു പരാതി നേതാക്കള്‍ക്കുണ്ടായിരുന്നു. ഇക്കാര്യമാണ് ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ രാഹുലിനെ അറിയിച്ചിരിക്കുന്നത്. തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമല്ലെന്നും കോവിഡ് അടക്കമുള്ള സാഹചര്യം പ്രതികൂലമായതാണ് നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് വഴിവെച്ചതെന്നും അദ്ദേഹം രാഹുലിനെ അറിയിച്ചു.

content highlights: oommen chandy meets rahul gandhi, conveys dissatisfaction over leadership change