ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ ജാമിയ വിദ്യാര്‍ഥികളുടെ സമരത്തെ അഭിസംബോധന ചെയ്ത് മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ തുടരുന്ന വിദ്യാര്‍ഥി സമരത്തിനാണ് ഇരുവരും അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചത്. 

നിങ്ങള്‍ ഒറ്റയ്ക്കല്ലെന്നും, ഞങ്ങളെല്ലാം നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ഉമ്മന്‍ചാണ്ടി വിദ്യാര്‍ഥികളോട് പറഞ്ഞു. നരേന്ദ്രമോദിയും അമിത് ഷായും ഇന്ത്യയിലെ ജനങ്ങളോട് ചെയ്യുന്നത് അനീതിയാണ്. ഭരണഘടനയും ബഹുസ്വരതയും മതേതരത്വവും സംരക്ഷിക്കണമെന്ന് രാജ്യം മുഴുവന്‍ ആവശ്യപ്പെടുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായി പ്രക്ഷോഭം നടത്തുന്ന ജാമിയ വിദ്യാര്‍ഥികളെ താന്‍ പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജാമിയ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഉമ്മന്‍ചാണ്ടി ഇംഗ്ലീഷിലാണ് പ്രസംഗിച്ചതെങ്കില്‍ ഹിന്ദിയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം.വന്‍ ഹര്‍ഷാരവത്തോടെയാണ് വിദ്യാര്‍ഥികള്‍ ഇരുവരുടേയും വാക്കുകള്‍ കേട്ടത്. 

കഴിഞ്ഞദിവസം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം ജെഎന്‍യു വിദ്യാര്‍ഥികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബെഹനാന്‍, പി.സി. വിഷ്ണുനാഥ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മുഖംമൂടിധാരികളുടെ ആക്രമണം നടന്ന സാബര്‍മതി ഹോസ്റ്റല്‍ പരിസരം നേതാക്കള്‍ സന്ദര്‍ശിച്ചു. മുസ്‌ലിം ലീഗ് നേതാക്കളും എം.പി.മാരുമായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുള്‍ വഹാബ് എന്നിവര്‍ തിങ്കളാഴ്ച രാവിലെ സാബര്‍മതി ഹോസ്റ്റല്‍ സന്ദര്‍ശിച്ചു. പരിക്കേറ്റ വിദ്യാര്‍ഥികളെയും കണ്ടു. വൈസ് ചാന്‍സലറെ പുറത്താക്കണമെന്നാവശ്യപ്പെട്ട നേതാക്കള്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും വ്യക്തമാക്കി.

Content Highlights: oommen chandy and ramesh chennithala speech in jamia milia university students protest in delhi