''വെറും പത്ത് മിനിറ്റ് മുമ്പാണ് അവിടെ നിര്‍ത്തിയിരുന്ന ഞങ്ങളുടെ വണ്ടിയുടെ മുകളിലേക്ക് പാറകള്‍ ഉരുണ്ടു വീണ് അത് താഴേക്ക് മറിഞ്ഞത്...''മലഞ്ചെരുവിലെ റോഡിലേക്ക് വിരല്‍ ചൂണ്ടി പറയുമ്പോള്‍ നവീന്‍ വല്ലാതെ കിതച്ചിരുന്നു.  പരിക്കേറ്റ തലയില്‍ നിന്ന് നവീന്റെ മുഖത്തേക്ക് ചോര ഒലിച്ചിറങ്ങുന്നുണ്ട്. അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് അദ്ദേഹം പൂര്‍ണമായും മോചിതനായിട്ടില്ലെന്ന കാര്യം വ്യക്തം. 

''ഡ്രൈവറിന്റെ അടുത്ത് മുന്‍സീറ്റിലാണ് ഞാനിരുന്നത്. എങ്ങനെയോ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങി, തലയിലെവിടെയോ മുറിവേറ്റിട്ടുണ്ട്, എത്രത്തോളം മുറിഞ്ഞിട്ടുണ്ടെന്ന് അറിയില്ല. തുടര്‍ച്ചയായി വീണ പാറകളില്‍ നിന്ന് ഒരു മരച്ചുവട്ടിലാണ് രക്ഷ തേടിയത്, എന്റെ സുഹൃത്ത് താഴെയുണ്ട്'', താഴേക്ക് ചൂണ്ടി നവീന്‍ പറഞ്ഞു. തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ നവീന്‍ പങ്കുവെക്കുന്നതിനിടയിലും പാറകള്‍ താഴേക്ക് പതിക്കുന്നുണ്ട്. താഴെ നില്‍ക്കുന്ന തന്റെ സുഹൃത്തുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഉരുണ്ടു വീഴുന്ന പാറകളിലേക്ക് നവീന്‍ ഫോണ്‍ ക്യാമറ തിരിച്ചു. 

മറ്റൊരാള്‍ മുകളില്‍ നിന്ന് താഴേക്കിറങ്ങി വരുന്നത് വീഡിയോയില്‍ കാണാം. മുഖത്ത് ഒലിച്ചിറങ്ങുന്ന ചോര അയാള്‍ തൂവാല കൊണ്ട് ഒപ്പുന്നുണ്ട്. കര്‍ച്ചീഫാകെ ചോരയാല്‍ നനഞ്ഞിരിക്കുന്നു. ഷിറിലെന്ന് പരിചയപ്പെടുത്തുന്ന ആ വ്യക്തി റോഡില്‍ ഒരാള്‍ കിടക്കുന്നുണ്ടെന്ന് നവീനോട് പറയുന്നുണ്ട്. ആന്റിയാണോയെന്ന് നവീന്‍ ചോദിക്കുന്നുമുണ്ട്. സഹയാത്രകരികരിലാരോ ആണെന്ന കാര്യം അവരുടെ സംഭാഷണത്തില്‍ നിന്ന് മനസ്സിലാക്കാം.

ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതാണ് നവീന്‍. ഹിമാചല്‍ പ്രദേശിലെ കിന്നൗറില്‍ ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നവീനുള്‍പ്പെടെയുള്ള വിനോദസഞ്ചാരസംഘം സഞ്ചരിച്ച ടെംപോ ട്രാവലറിന് മുകളിലേക്ക് പാറ വീണ് ഒന്‍പത് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

മലഞ്ചെരിവിലുളള റോഡില്‍ വാഹനം നിര്‍ത്തിയിട്ട് ഇരിക്കുകയായിരുന്നു നവീനും മറ്റുയാത്രികരും. പെട്ടെന്നാണ് ഉരുള്‍പൊട്ടലുണ്ടാകുന്നതും കൂറ്റന്‍ പാറക്കല്ലുകള്‍ താഴേക്ക് പതിക്കുന്നതും. തങ്ങള്‍ വാഹനം നിര്‍ത്തിയിരുന്ന സ്ഥലമെന്ന് വീഡിയോയില്‍ നവീന്‍ ചൂണ്ടിക്കാണിക്കുന്ന ഇടത്ത് കുറേ പാറക്കഷണങ്ങളും പൊടിയും മാത്രമാണ് കാണാനാവുന്നത്.. പാറകള്‍ പതിച്ച് മരങ്ങളുടെ ശാഖകള്‍ അടര്‍ന്നിരിക്കുന്നു. 

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട നവീന്‍ സഹായം തേടി ഉടന്‍ പോലീസിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു, എന്നാല്‍ ആദ്യശ്രമത്തില്‍ പരാജയപ്പെട്ടു. വീണ്ടും പോലീസിന്റെ സഹായം തേടി വിളിക്കുന്നതിന് മുമ്പാണ് നവീന്‍ നേരിട്ട ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. ഈ വീഡിയോ യുട്യൂബിലും നവീന്‍ അപ്‌ലോഡ് ചെയ്തു. 

'ഞാനും ഷിറിലും മാത്രമാണ് അതിജീവിച്ചത്' എന്ന ടൈറ്റിലോടെ 'വേവ് ഹൈക്കേര്‍സ്' എന്ന അക്കൗണ്ടിലൂടെ അപ് ലോഡ് ചെയ്ത വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. പോലീസിന് ആവശ്യമായ വിവരം നല്‍കാനാണ് ഈ വീഡിയോ പകര്‍ത്തിയതെന്ന് നവീന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. പോലീസിനെ വിവരമറിയിച്ചതും രക്ഷാസേനയും ഡോക്ടറുമുള്‍പ്പെടെ പോലീസ് അപകടസ്ഥലത്തെത്തിയതിനെ കുറിച്ചും നവീന്‍ കുറിപ്പില്‍ വിശദമാക്കുന്നുണ്ട്. മണ്‍സൂണ്‍ കാലത്തെ ഹിമാചല്‍ യാത്ര അപകടകരമാണെന്ന് നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. വലിയൊരു അപകടത്തില്‍ പെട്ടിട്ടും സമചിത്തത കൈവിടാത്ത നവീനെ നിരവധി പേര്‍ അഭിനന്ദിക്കുകയും ചെയ്തു. 

സംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍ ദീപ ശര്‍മ അപകടത്തിന് മിനിറ്റുകള്‍ക്ക് മുമ്പാണ് തന്റെ അവസാനത്തെ പോസ്റ്റ് ട്വീറ്റ് ചെയ്തത്. 

വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയവരാവാം ആ യാത്രാസംഘത്തിലുണ്ടായിരുന്നത്. മണിക്കൂറുകള്‍ നീണ്ട സൗഹൃദം മാത്രം, ചിലപ്പോള്‍ ഒരു ചിരിയിലോ കുറച്ചു വാക്കുകളിലൂടെയോ മാത്രം പരിചിതരായവര്‍. എങ്കിലും വിനോദയാത്രക്കിടെ ഉണ്ടായ അപകടവും അവിചാരിതമായി കണ്ടുമുട്ടിയവരുടെ മരണവും നവീന്റെ ഹൃദയത്തില്‍ നീറുന്ന ഓര്‍മയായി അവശേഷിക്കുമെന്ന കാര്യം തീര്‍ച്ച!

Read More : 'ഒടുവിലത്തെ പോയിന്റിലാണിപ്പോള്‍ നില്‍ക്കുന്നത്'; മലയിടിഞ്ഞ് മരിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ട്വീറ്റ്

Content Highlights: 'Only We Survived', On Video, Himachal Landslide Survivors