ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചാണ് ഒരു വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനം നടത്തിയത്. കള്ളപ്പണത്തിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി പ്രധാനമന്ത്രിക്ക് ഉപദേശിച്ചതിന് പിന്നിലെ ബുദ്ധി അനില്‍ ബോകില്‍ എന്ന മെക്കാനിക്കല്‍ എഞ്ചിനീയറുടേതായിരുന്നു. 

ഇന്ത്യയില്‍ നിലവിലുള്ള നികുതി സമ്പ്രദായം പൂര്‍ണ്ണമായും അസാധുവാക്കിയാലെ കള്ളപ്പണം രാജ്യത്ത് ഇല്ലതാക്കാനാകൂ എന്നാണ് ആ അനില്‍ ബോകിലിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍. എല്ലാ നികുതികള്‍ക്കും പകരമായി ഒരു ബാങ്കിങ് ഇടപാട് നികുതി എന്ന തന്റെ ഫോര്‍മുല നടപ്പിലാക്കിയാലെ നോട്ട് നിരോധനം പൂര്‍ണ്ണമാകൂ എന്നാണ് എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അനില്‍ ബോകില്‍ പറയുന്നത്.

കള്ളപ്പണം, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിന് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കേണ്ടത് ആവശ്യം തന്നെയായിരുന്നു. എന്നാല്‍ അതിന് ഇനിയും ഒരുപാട് പടവുകളുണ്ട്. നോട്ട് നിരോധനം നടപ്പിലാക്കുന്നതില്‍ ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ബാങ്കുകള്‍ക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആവശ്യമുണ്ടായിരുന്നു. ഡിജിറ്റല്‍ ഇടപാടുകളും ഉയര്‍ന്നുവരികയാണ്. ഇത് സമ്പദ്വ്യവസ്ഥയ്ക്ക് അനുകൂല സൂചനകളാണെന്നും അനില്‍ ബോകില്‍ പറഞ്ഞു.

നിരോധനം ഒരു ഘടനാപരമായ മാറ്റത്തിന്റെ തുടക്കം മാത്രമാണെന്ന് മനസ്സിലാക്കുന്നു. പണത്തിന്റെ രൂപത്തിലുള്ള കള്ളപ്പണം കുറഞ്ഞിട്ടുണ്ട്. കള്ള നോട്ടുകള്‍ കുറഞ്ഞത് കൊണ്ട് തീവ്രവാദികള്‍ക്ക് ലഭിച്ചിരുന്ന ഫണ്ടും തടയാനായിട്ടുണ്ട്. നികുതി അടിത്തറ വിപുലമായി. റിയല്‍ എസ്റ്റേറ്റ് വിലയിലും കുറവുണ്ടായി. മൂലധനച്ചെലവും നികുതി നിരക്കും കുറഞ്ഞതും നോട്ട് നിരോധനത്തിന്റെ പ്രതിഫലമാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന് മുന്നില്‍ അഞ്ച് നിര്‍ദേശങ്ങളാണ് തങ്ങള്‍ വെച്ചിരുന്നത്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദ്ധാനം നിറവേറ്റുന്നതിലാണ് സര്‍ക്കാരിന്റെ ആശങ്ക. നികുതി രഹിതവും-പണ രഹിതവുമായ ഒരു സമ്പദ് വ്യവസ്ഥയാണ് തങ്ങളുടെ നിര്‍ദ്ദേശത്തിലുണ്ടായിരുന്നതെന്നും അനില്‍ ബോകില്‍ വ്യക്തമാക്കി. 50,100 നോട്ടുകളും പിന്‍വലിക്കാന്‍ തങ്ങള്‍ നിര്‍ദേശം നല്‍കിയിരുന്നു. എല്ലാ നികുതികളും പിന്‍വലിച്ച് ബാങ്ക് ഇടപാട് നികുതി (ബി.ടി.ടി) എന്ന ഒരറ്റ നികുതി മാത്രമാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. 

ദരിദ്രരുടെ സമ്പത്തിന് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല. അവര്‍ക്ക് ബാങ്കിംഗ് സംവിധാനത്തിലേക്ക് കടന്നുവരാനും ആയിരുന്നില്ല. വലിയ പലിശ നിരക്കില്‍ സമാന്തര കമ്പോളങ്ങളും പ്രവര്‍ത്തിച്ചിരുന്നു. ഇതിനെല്ലാം നോട്ട്‌നിരോധനത്തോടെ മാറ്റം വന്നു. മുന്‍പുണ്ടായിരുന്ന നികുതികളേക്കാണ് മികച്ചതാണ് ജിഎസ്ടി. അതിനേക്കാള്‍ മികച്ചതാകും ബാങ്ക് ഇടപാട് നികുതിയെന്നും അനില്‍ ബോകില്‍ പറയുന്നു.

പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്ന അര്‍ത്ഥക്രാന്തി സന്‍സ്ഥാന്‍ എന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്മാരുടെ ഗ്രൂപ്പാണ് നോട്ട് നിരോധനത്തിന് പ്രധാനമന്ത്രിക്ക് ഉപദേശങ്ങള്‍ നല്‍കിയിരുന്നത്. ഈ ഗ്രൂപ്പിലെ പ്രധാനിയാണ് ലത്തൂര്‍ സ്വദേശിയായ അനില്‍ ബോകില്‍.