ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നത് പ്രധാനമന്ത്രിയുടെ വ്യക്തിപരമായ പബ്ലിസിറ്റിക്കുവേണ്ടിയാണെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള ഉപാധി എന്ന നിലയിലല്ലെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മഹാമാരിയുടെ തുടക്കം മുതല്‍ ഇത് ഇപ്രകാരമാണ് കാണപ്പെടുന്നതെന്നും അവര്‍ ട്വിറ്ററില്‍ ആരോപിച്ചു. വാക്സിന്‍ വിതരണത്തില്‍ കേന്ദ്രത്തിന്റെ പരാജയം സംബന്ധിച്ച് നിരവധി ചോദ്യങ്ങളും അവർ മുന്നോട്ടുവെച്ചു.

വാക്‌സിന്‍ സാക്ഷ്യപത്രത്തിലെ ഫോട്ടോ മാത്രമാണ് പ്രധാനമന്ത്രിയുടേതായുള്ളത്. ബാക്കി എല്ലാ ഉത്തരവാദിത്വവും സംസ്ഥാനങ്ങളുടെ ചുമലില്‍ വെച്ചുകൊടുത്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സാധാരണ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള ഉപാധി എന്നതിനേക്കാള്‍ പ്രധാനമന്ത്രിയുടെ പ്രശസ്തിക്കായി വാക്‌സിന്‍ വിതരണം മാറിയിരിക്കുകയാണ്.

മോദി സര്‍ക്കാര്‍ രാജ്യത്തെ വാക്‌സിന്‍ ദൗര്‍ലഭ്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദകരാജ്യമായ ഇന്ത്യ വാക്‌സിനു വേണ്ടി മറ്റു രാജ്യങ്ങളുടെ വാക്‌സിന്‍ സംഭാവനയെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍. ആരാണ് ഇതിന് ഉത്തരവാദി? ഈ ദയനീയാവസ്ഥ വലിയ നേട്ടമായി ലജ്ജയില്ലാതെ അവതരിപ്പിക്കുന്നത് എന്തിന്റെ പേരിലാണ്?, പ്രിയങ്ക ചോദിച്ചു.

വലിയ രാജ്യങ്ങളൊക്കെ കഴിഞ്ഞ വര്‍ഷംതന്നെ വാക്‌സിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. മോദി സര്‍ക്കാര്‍ ആദ്യമായി വാക്‌സിന് ഓര്‍ഡര്‍ നല്‍കുന്നത് 2021 ജനുവരിയില്‍ മാത്രമാണ്. അതാണെങ്കില്‍ 1.6 കോടി ഡോസ് വാക്‌സിന് മാത്രം. അതേസമയം, ജനുവരി-മാര്‍ച്ച് മാസത്തില്‍ മാത്രം മോദി സര്‍ക്കാര്‍ 6.5 കോടി വാക്‌സിന്‍ വിദേശത്തേക്ക് കയറ്റിയയച്ചു. നിരവധി രാജ്യങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കി. ഇന്ത്യയില്‍ 3.5 കോടി ജനങ്ങള്‍ക്ക് മാത്രം വാക്‌സിന്‍ ലഭിച്ച സമയത്തായിരുന്നു ഇത്.

മേയ് ഒന്നു മുതലുള്ള കാലത്ത് 18-44 പ്രായപരിധിയിലുള്ള 60 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ 14 കോടി പേര്‍ക്ക് നല്‍കാനുള്ള 28 കോടി ഡോസിനു മാത്രമാണ് ഈ സമയത്ത് സർക്കാർ ഓര്‍ഡര്‍ നല്‍കിയത്, പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഇന്ത്യയിലെ 130 കോടി ജനങ്ങളില്‍ 11 ശതമാനത്തിന് മാത്രമാണ് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. മൂന്ന് ശതമാനത്തിന് മാത്രമാണ് രണ്ടു ഡോസും ലഭിച്ചിട്ടുള്ളത്. വാക്‌സിന്‍ ക്ഷാമം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരിന് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. വാക്‌സിന്‍ നയത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി.

Content Highlights: Only PM's photo on vaccination certificate, responsibility on states: Priyanka Gandhi