ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് പ്രതിരോധസേനകളിലും സേവനമനുഷ്ഠിച്ച ഏക സൈനിക ഉദ്യോഗസ്ഥന് നൂറ് വയസ്. കര, നാവിക, വ്യോമ സേനകളില്‍ സേവനമനുഷ്ഠിച്ച് വിരമിച്ച കേണല്‍ പ്രിതിപാല്‍ സിംഗ് ഗില്‍ മാത്രമാണ് ഇന്ത്യയുടെ മൂന്ന് സേനാവിഭാഗങ്ങളിലും സേവനമനുഷ്ഠിച്ച ഒരേയോരാള്‍. പഞ്ചാബ് സ്വദേശിയായ അദ്ദേഹം ചണ്ഡിഗഢിലെ വസതിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ചു. 

രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായ റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ പൈലറ്റായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വിമാനം പറത്തുന്നതില്‍ കുടുംബാംഗങ്ങള്‍ക്കുള്ള ആശങ്ക കണക്കിലെടുത്ത് അദ്ദേഹം അതില്‍ നിന്ന് മാറി നാവിക സേനയില്‍ ചേര്‍ന്നു.

നാവിക സേനയില്‍ യുദ്ധക്കപ്പലുകളിലെ ആയുധങ്ങളുടെ ചുമതലയുള്ള ഗണ്ണറി വിഭാഗത്തില്‍ സേവനം അനുഷ്ഠിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത അദ്ദേഹം പിന്നീട് നാവിക സേന വിട്ടു. സ്വാതന്ത്രാനന്തരം അദ്ദേഹം കരസേനയില്‍ ചേര്‍ന്നു. 1965 ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. വിരമിക്കുമ്പോള്‍ മണിപ്പൂരില്‍ അസം റൈഫിള്‍സിലെ സെക്ടര്‍ കമാന്‍ഡറായിരുന്നു അദ്ദേഹം.

നിരവധി പേരാണ് സമൂഹമാധ്യമങ്ങള്‍ വഴി അദ്ദേഹത്തിന് ആശംസകള്‍ പങ്കുവെച്ചത്. നൂറ് വയസ് പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, ലഫ്റ്റനന്റ് ജനറല്‍ കെ.ജെ. സിങ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

Content Highlights: Only Officer Who Served In The Indian Army, Navy And Air Force Turns 100