ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതിക്ക് വരെ ഒന്നും ചെയ്യാനാകാത്തതായിരുന്നു അയാളുടെ പരാതി. വെള്ളിയാഴ്ചയാണ് അപൂര്‍വ പരാതിയുമായി ഒരാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ലോകത്തിലെ ഏറ്റവും മാരക ജീവിയായ കൊതുകിനെ ഇന്ത്യയില്‍ നിന്ന് തുടച്ച് നീക്കാന്‍ കോടതി അധികാരികളോട് ആവശ്യപ്പെടണമെന്നായിരുന്നു ധനേഷ് ലെഷ്ധാന്‍ എന്നയാളുടെ ഹര്‍ജി.

ഇയാളുടെ ഹര്‍ജിയില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ നിസ്സഹായരായിരുന്നു. ഞങ്ങള്‍ ദൈവങ്ങളല്ല, ദൈവത്തിന് മാത്രം ചെയ്യാന്‍ സാധിക്കുന്ന കാര്യം തങ്ങളോട് ആവശ്യപ്പെടരുതെന്ന് രണ്ടംഗ ബെഞ്ച് ധനേഷ് ലഷ്ധാനോട് പറഞ്ഞു.

ലോക ആരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോളതലത്തില്‍ കൊതുകുകള്‍ കാരണം 725,5000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ധനേഷ് ഹര്‍ജിയില്‍ കോടതിയെ ധരിപ്പിച്ചു. കൊതുകുകളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാണമെന്ന് സര്‍ക്കാരുകളോട് ആവശ്യപ്പെടണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

ഏതെങ്കിലും കോടതികള്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയത് കൊണ്ട് രാജ്യത്ത് നിന്ന് കൊതുകുകളെ തുരത്താനാവുമെന്ന് കരുതുന്നില്ലെന്നും കോടതി ഇതിന് മറുപടി നല്‍കി. എല്ലാ വീടുകളിലും പോയി കോടതിക്ക് കൊതുകുകളെ കണ്ടെത്താനാവില്ലെന്നും വ്യക്തമാക്കിക്കൊണ്ട് കോടതി ഹര്‍ജി തള്ളി. ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പിലാണ് ഈ അപൂര്‍വ്വ ഹര്‍ജി എത്തിയത്.