ന്യൂഡല്‍ഹി: കോവിഡ്ഷീല്‍ഡ് വാക്‌സിനുമായി ബന്ധപ്പെട്ട് രക്തം കട്ടപിടിക്കുന്ന ഏതാനും കേസുകള്‍ മാത്രമേ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്ന് വാക്‌സിനേഷനെ തുടര്‍ന്നുള്ള പ്രതികൂല സംഭവങ്ങള്‍ നിരീക്ഷിക്കുന്ന ദേശീയ സമിതി (എ.ഇ.എഫ്.ഐ). പത്ത് ലക്ഷം കോവിഡ്ഷീല്‍ഡ് വാക്‌സിന് ഇത്തരത്തിലുള്ള 0.61 കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോട്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പ്രതിരോധ കുത്തിവയ്പ്പിനെത്തുടര്‍ന്ന് രക്തം കട്ടപിടിക്കുന്ന മിക്ക കേസുകളും വാക്‌സിനേഷന്‍ സ്വീകരിച്ച് ആദ്യ ആഴ്ചയ്ക്കുള്ളലാണ് കണ്ടത്. ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ദക്ഷിണേഷ്യക്കാര്‍ക്ക് വാക്‌സിനേഷന് ശേഷം ത്രോംബോസിസ് രൂപപ്പെടുവാന്‍ അല്ലെങ്കില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറവാണൊന്നാണ് സര്‍ക്കാര്‍ പാനല്‍ വിശകലനം ചെയ്ത വിവരങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ദേശീയ സമിതി അഭിപ്രായപ്പെട്ടു. 

ഭാരത് ബയോടെക്കിന്റെ വാക്‌സിന്‍ കോവാക്‌സിനുമായി ബന്ധപ്പെട്ട് ഇതുവരെ ഇന്ത്യയില്‍ രക്തം കട്ടപിടിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോവിഷീല്‍ഡ് എടുത്ത ശേഷമുള്ള കഠിനമായ തലവേദന, കോച്ചിപ്പിടുത്തം, ഛര്‍ദ്ദി, ആമാശയത്തിലെ വേദന,  ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ആളുകള്‍ ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

മാര്‍ച്ച് 31 ന് നടന്ന യോഗത്തില്‍ എ.ഇ.എഫ്.ഐ നല്‍കിയ വിവരങ്ങള്‍ പ്രകാരം കുത്തിവയ്പ്പിനെത്തുടര്‍ന്ന് മരണമടക്കം 617 പ്രതികൂല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 29 വരെ രാജ്യത്തൊട്ടാകെയുള്ള കുത്തിവയ്പ്പുകളെ തുടര്‍ന്ന് 180 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Only few cases of blood clot following Covishield vaccination: National committee on adverse reactions