നവിമുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നവിമുംബൈ നെരൂളിലെ വീട്ടമ്മയ്ക്ക് നഷ്ടമായത് 13.29 ലക്ഷംരൂപ ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാംതവണയാണ് ഇത്തരത്തിലുള്ള തട്ടിപ്പ് നടക്കുന്നത്. നേരത്തേ നെരുളിലെത്തന്നെ 70-കാരിയായ വിധവയ്ക്ക് തട്ടിപ്പിലൂടെ 10.49 ലക്ഷം രൂപ നഷ്ടമായിരുന്നു. 

സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഡോ. മാര്‍ക്ക് ജോണ്‍ എന്നയാള്‍ 50-കാരിയായ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പിറന്നാള്‍സമ്മാനമായി 37 ലക്ഷം ഡോളറും സ്വര്‍ണാഭരണങ്ങളും അയച്ചുതരാമെന്ന് വിശ്വസിപ്പിക്കുകയും ഇതിനായി ഏജന്റ്സ് ക്ലിയറന്‍സിനായി ഇയാള്‍ നല്‍കിയ അക്കൗണ്ടിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 

പണം അയച്ചതിനുശേഷം മറുപടിയൊന്നും കിട്ടാതായപ്പോഴാണ് വീട്ടമ്മയ്ക്ക് തട്ടിപ്പിനിരയായ കാര്യം ബോധ്യപ്പെട്ടത്. ഇവരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് സൈബര്‍ വിഭാഗം കേസെടുത്തിട്ടുണ്ട്. ഇതേപോലെ സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്ക് പണം അയച്ചുതരാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത് ഈ സംഭവത്തിലും സൈബര്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.