പ്രതീകാത്മകചിത്രം | Photo : AFP
ന്യൂഡല്‍ഹി: അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒഎന്‍ജിസിയുടെ ഹെലികോപ്റ്റർ അറബിക്കടലില്‍ പതിച്ച് നാലുപേർ മരിച്ചു. പവന് ഹാന്‍സ് സികോര്‍സ്കി എസ്-76 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുകളുമുള്‍പ്പെടെ ഒമ്പത് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.
മുംബൈ ഹൈയില്‍ സ്ഥിതി ചെയ്യുന്ന ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്റെ സായ് കിരണ്‍ റിഗിലായിരുന്നു ഹെലികോപ്ടര്‍ ഇറക്കാന്‍ പദ്ധതിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരേയും രക്ഷപ്പെടുത്തിയെങ്കിലും നാല് പേര് ചികിത്സക്കിടെ മരിക്കുകയായിരുന്നു.
ഹെലികോപ്ടര്‍ യാത്രികരില്‍ ആറ് പേര് ഒഎന്‍ജിസി ജീവനക്കാരും ഒരാള്‍ കമ്പനിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കരാര്‍ ജീവനക്കാരനുമാണ്. മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന റിഗില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ലാന്‍ഡിങ് സോണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുമ്പ് സമുദ്രത്തിലേക്ക് പതിക്കുകയായിരുന്നുവെന്ന് കമ്പനി വക്താവ് അറിയിച്ചു. ഹെലികോപ്ടര്‍ വീണതിന് സമീപത്ത് തന്നെയുണ്ടായിരുന്ന സാഗര്‍ കിരണില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ട് അല്പസമയത്തിനുള്ളില് ഒരാളെ രക്ഷപ്പെടുത്തി.
മാള്‍വിയ-16 എന്ന കപ്പലാണ് മറ്റ് അഞ്ച് പേരെ രക്ഷപ്പെടുത്തിയത്. എംആര്‍സിസി മുംബൈയുടെ നിര്‍ദേശപ്രകാരമാണ് കപ്പല്‍ രക്ഷാദൗത്യത്തില്‍ പങ്കാളിയായത്. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും മറ്റൊരു കപ്പലും രക്ഷാപ്രവര്‍ത്തനവത്തിനെത്തിയിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ വിമാനം അപകടത്തില്‍ പെട്ടവര്‍ക്ക് ലൈഫ് റാഫ്റ്റുകള് കടലിലേക്ക് ഇട്ടുകൊടുക്കുകയും ചെയ്തു. ഹെലികോപ്ടര്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യാനിടയായ കാരണം വ്യക്തമല്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..