മുംബൈ: മുംബൈയില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണ് മലയാളിയടക്കം നാലുപേര്‍ മരിച്ചു. തൃശ്ശൂര്‍ ചാലക്കുടി സ്വദേശി വി.കെ ബാബുവാണ് മരിച്ച മലയാളിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ബാബുവിന്റെ മൃതദേഹം കണ്ടെത്തിയെന്നാണ് സൂചന. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഒ.എന്‍.ജി.സി) ഹെലിക്കോപ്റ്ററാണ് മുംബൈയില്‍ തകര്‍ന്നുവീണത്. അഞ്ച് ഒന്‍.എന്‍.ജി.സി ജീവനക്കാരും രണ്ട് പൈലറ്റുമാരുമാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്.

വി.കെ ബാബുവിന് പുറമെ ഒ.എന്‍.ജി.സി ഡെപ്യൂട്ടി മാനേജര്‍മാരായ ജോസ് ആന്റണി, പി.എന്‍ ശ്രീനിവാസന്‍ എന്നിവര്‍ ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. തീരസംരക്ഷണസേന നടത്തിയ തിരച്ചിലിലാണ് മലയാളിയടക്കം നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. വിമാനങ്ങളും കപ്പലുകളും സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. 10.58ന് ഒ.എന്‍.ജി.സിയുടെ നോര്‍ത്ത്ഫീല്‍ഡില്‍ ഇറങ്ങേണ്ടതായിരുന്നു എഎസ് 365 എന്‍3 ഹെലികോപ്റ്റര്‍. എന്നാല്‍ പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്കു ശേഷം മുംബൈയില്‍ നിന്നും 30 നോട്ടിക്കല്‍ അകലെ വെച്ച് ഹെലികോപ്റ്ററില്‍ നിന്നുള്ള സിഗ്‌നല്‍ നിലച്ചു.