നാഗ്പൂര്‍: പാര്‍ട്ടി പ്രവര്‍ത്തകര്‍ ആദ്യം തങ്ങളുടെ കുടുംബ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും അല്ലാത്തവര്‍ക്ക് രാജ്യത്തെ സേവിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. 

നിരവധി ആള്‍ക്കാര്‍ പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹം പറഞ്ഞ് മുന്നോട്ട് വരുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ വീട് നന്നായി നോക്കാത്തവർക്ക് ഒരിക്കലും രാജ്യത്തെ സേവിക്കാനാവില്ല. അദ്ദേഹം പറഞ്ഞു. ഒരു ഉദാഹരണവും ഗഡ്കരി ചൂണ്ടിക്കാട്ടി. 

നിരവധി ആള്‍ക്കാര്‍ പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹം പറഞ്ഞ് മുന്നോട്ട് വരുന്നതായി കണ്ടിട്ടുണ്ട്. അതില്‍ ഒരാളോട് ഞാന്‍ ഒരിക്കല്‍ ചോദിച്ചു, "നിങ്ങള്‍ എന്ത് ചെയ്യുന്നു, വീട്ടില്‍ ആരൊക്കെയുണ്ട്".

അയാള്‍ പറഞ്ഞു, "ഒരു കടയുണ്ട് പക്ഷേ വലിയ ലാഭകരമല്ലാത്തതിനാല്‍ ഇപ്പോള്‍ പൂട്ടിയിരിക്കുകയാണ്. വീട്ടില്‍ ഭാര്യയും കുട്ടികളുമുണ്ട്. "

ഞാന്‍ അയാളോട് പറഞ്ഞു,

"ആദ്യം നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിനോട് കടമ നിറവേറ്റൂ. സ്വന്തം വീടും കുടുംബവും നോക്കി നടത്താന്‍ പറ്റാത്തവര്‍ക്ക് ഒരിക്കലും രാജ്യത്തോടുള്ള കടമ നിറവേറ്റാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ആദ്യം കുടുംബത്തിന്റേയും  കുട്ടികളുടേയം കാര്യം നോക്കിയിട്ട് പിന്നീട് മാത്രം രാഷ്ട്രത്തെ സേവിക്കാം"- അദ്ദേഹം പറഞ്ഞു. 

ബി ജെ പി യുടെ വിദ്യാര്‍ത്ഥി സംഘടനയായ എ ബി വി പി യുടെ മുന്‍പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാർട്ടിയുടെ ചില ഉന്നത നേതാക്കളെ ഉദ്ദേശിച്ചാണ് ഗഡ്കരിയുടെ പ്രസ്താവനയെന്നാണ് വിമർശം. മുമ്പും ഗഡ്കരി മറ്റ് നേതാക്കളെ ഉന്നംവെച്ച് വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. 

 നേതാക്കള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റണ്ടതാണ്, അതിന് കഴിഞ്ഞില്ലെങ്കില്‍ ജനങ്ങളിൽ നിന്ന് തിരിച്ചടി ലഭിക്കുമെന്നുമുള്ള ഗഡ്കരിയുടെ പ്രസ്താവന ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

 

Content Highlights: One Who Cant Take Care Of Home Can't Manage Country: Nitin Gadkari