ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നുപേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. 

ജനസംഖ്യയില്‍ മൂന്നിലൊന്ന് പേരുടെ ശരീരത്തില്‍ ആന്റിബോഡികളില്ല. അതായത് രാജ്യത്തെ 40 കോടി പേര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ട്- നാലാംഘട്ട സീറോ സര്‍വേയിലെ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കവേ അദ്ദേഹം പറഞ്ഞു.

ജൂണ്‍- ജൂലായ് മാസത്തില്‍ 70 ജില്ലകളിലാണ് നാലാംഘട്ട ദേശീയ സീറോസര്‍വേ നടത്തിയത്. ആറിനും പതിനേഴിനും ഇടയിലുള്ള കുട്ടികളെയും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ ആകെ ജനസംഖ്യയില്‍ 67.6 ശതമാനം പേര്‍ക്കും രോഗബാധയുണ്ടായിട്ടുണ്ട്. 

6-9 പ്രായത്തിനിടയില്‍പ്പെട്ടവരില്‍ 57.2 ശതമാനത്തിനും 10-17 പ്രായത്തിനിടയില്‍പ്പെട്ടവരില്‍  61.6 ശതമാനത്തിനും രോഗബാധയുണ്ടായിട്ടുണ്ട്. അതേസമയം 18-44 പ്രായത്തിനിടയില്‍പ്പെട്ടവരില്‍ 66.7 ശതമാനം പേര്‍ക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്. എന്നാല്‍ 45-60 വയസ്സിനിടയിലുള്ളവരില്‍ 77.6 ശതമാനം പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.

നാലാംഘട്ട സീറോസര്‍വേയില്‍ 7,252 ആരോഗ്യപ്രവര്‍ത്തകരെ ഐ.സി.എം.ആര്‍. പഠനവിധേയമാക്കിയിരുന്നു. ഇവരില്‍ 10 ശതമാനം പേര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ല. ഇവരില്‍ 85.2 ശതമാനം പേര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ട്. അതായത്, ആറുവയസ്സിനു മുകളില്‍ പ്രായമുള്ള മൂന്നില്‍ രണ്ടു ശതമാനത്തിന് സാര്‍സ് കൊവ്-2 ബാധയുണ്ടായിട്ടുണ്ട്- ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

content highlights: One out of three people still vulnerable to Covid infection says icmr