ന്യൂഡൽഹി: രാജ്യത്ത് ഏക വോട്ടർ പട്ടിക നടപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഓഫീസർമാർ മുഖേന ഏക വോട്ടർപട്ടിക നടപ്പാക്കാനാണ് ശ്രമം. ലോക്സഭാ, നിയമസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടികയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.
ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ അനുമതി നല്‍കുന്ന നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം. ഏക വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗം കേന്ദ്രം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന നിയമമന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഏക വോട്ടർ പട്ടിക ചർച്ച ചെയ്തു. യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥൻ ഇതു സംബന്ധിച്ച് അവതരണവും നടത്തി.
എന്നാൽ പ്രതിപക്ഷം ഏക വോട്ടർ പട്ടികയെ ശക്തമായി എതിർക്കുന്നുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ഭരണഘടന ചില അധികാരങ്ങളും അവകാശങ്ങളും നൽകുന്നുണ്ട്. ആ അധികാരത്തിലേക്കുള്ള കടന്നു കയറ്റമാണ് കേന്ദ്ര സർക്കാരിന്റേത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ ഒരു നിയമ നിർമ്മാണത്തിലൂടെ കേന്ദ്രം ഈ തീരുമാനം നടപ്പിലാക്കില്ല. പകരം സംസ്ഥാന ചീഫ് ഓഫീസർമാർ മുഖേന നടപ്പിലാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
Content Highlights: one nation one voter list
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..