സൂററ്റ്: രാജ്യസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങവേ ഗുജറാത്ത് കോണ്‍ഗ്രസില്‍ രാജി തുടരുന്നു. ഏറ്റവുമൊടുവില്‍ മോര്‍ബി മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആയ ബ്രിജേഷ് മെര്‍ജയാണ് രാജി വെച്ചത്. എംഎല്‍എ സ്ഥാനത്തിന് പുറമെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വവും ഇദ്ദേഹം ഒഴിഞ്ഞു. 

കഴിഞ്ഞ ദിവസമാണ് അക്ഷയ് പട്ടേല്‍, ജിത്തു ചൗധരി എന്നീ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെച്ചിരുന്നു. രണ്ടു ദിവസത്തിനിടെ ഇത് മൂന്നാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് രാജിവെച്ചിരിക്കുന്നത്. നേരത്തെ രാജിവെച്ചവരുള്‍പ്പെടെ മൂന്നു മാസത്തിനിടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഇതുവരെ രാജിവെച്ചിരിക്കുന്നത്. 

ഇതോടെ കോണ്‍ഗ്രസിന് ഗുജറാത്ത് നിയമ സഭയിലെ അംഗബലം 65 ആയി ചുരുങ്ങി. രാജ്യസഭയിലേക്ക് എത്തിക്കാനായി ഉദ്ദേശിച്ച രണ്ടു പേരെ ഈ അംഗബലം കൊണ്ട് വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. 

കോണ്‍ഗ്രസ് വക്താവായ ശക്തിസിങ് ഗോഹില്‍, മുന്‍ ഗുജറാത്ത് അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി എന്നവരേയാണ് കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥികളായി നിശ്ചയിച്ചിരിക്കുന്നത്.

എംഎല്‍എമാര്‍ രാജിവെക്കുന്നതിന് മുമ്പ് കോണ്‍ഗ്രസിനും ബിജെപിക്കും രണ്ടുപേരേ വീതം ജയിപ്പിക്കാന്‍ സാധിക്കുമായിരുന്നു.  എന്നാല്‍ പുതിയ അംഗബലമനുസരിച്ച് കോണ്‍ഗ്രസിന് ഒരാളെ മാത്രമേ വിജയിപ്പിക്കാന്‍ സാധിക്കു.

അതേസമയം, ബിജെപി മൂന്ന് സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. റമീള ബാര, അഭയ് ഭരദ്വാജ്, നരഹരി അമിന്‍ എന്നിവരെയാണ് ബിജെപി നിശ്ചയിച്ചിരിക്കുന്നത്. ജൂണ്‍ 19-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുക. 

Content Highlights: One more Congress MLA resigns in Gujarat ahead of Rajya Sabha poll