ന്യൂഡല്‍ഹി : 10 ലക്ഷം പേര്‍ ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ഡോസെടുത്തത് വെറും ആറ് ദിവസം കൊണ്ട്. വികസിത രാജ്യങ്ങളായ അമേരിക്ക, യുകെ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാക്‌സിനെടുത്തവരുടെ എണ്ണം വളരെ കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തവരുടെ എണ്ണം 16 ലക്ഷമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

പത്ത് ലക്ഷം പേര്‍ക്ക് കുത്തിവെപ്പെടുക്കാന്‍ യുകെ 18 ദിവസമാണെടുത്തത്. യുഎസ് 10 ദിവസവുമെടുത്തു. എന്നാൽ വെറും ആറ് ദിവസം കൊണ്ടാണ് ഇന്ത്യ 10 ലക്ഷം കുത്തിവെപ്പെന്ന കണക്കിലെത്തിയത്.

ജനുവരി 24 രാവിലെ 8 മണി വരെ 16 ലക്ഷത്തോളം (15,82,201) പേർ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തു. 24 മണിക്കൂറിനുള്ളില്‍ 3,512 സെഷനുകളിലായി 2 ലക്ഷത്തോളം (1, 91,609) ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. ഇതുവരെ 27,920 സെഷനുകള്‍ നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

'വാക്‌സിന്‍ മൈത്രി' സംരംഭത്തിന്റെ ഭാഗമായി ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് കോവിഡ് വാക്‌സിന്‍ അയക്കുന്നുമുണ്ട്. ഇതുവരെ 92 രാജ്യങ്ങള്‍ കോവിഡ് വാക്‌സിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതള്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ രാജ്യവും ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ രാജ്യവുമാണ് ഇന്ത്യ.

content highlights: One million Covid vaccine doses administered in India in just 6 days, says ministry