ബല്ലിയ: ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ റേഷന്‍ കടകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിനിടെ വെടിവെപ്പ്. ജയ് പ്രകാശ് (46) എന്നയാള്‍ വെടിയേറ്റ് മരിച്ചു. 

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, സര്‍ക്കിള്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പഞ്ചായത്ത് ഭവനില്‍ നടന്ന യോഗത്തിനിടെ ധീരേന്ദ്ര സിങ് എന്നയാളാണ് വെടിവെപ്പ് നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സ്ഥലത്തെ ബിജെപി എംഎല്‍എയോട് അടുപ്പമുള്ളയാളും ബിജെപി പ്രവര്‍ത്തകനുമാണ് വെടിവെപ്പ് നടത്തിയ ധീരേന്ദ്ര സിങ്ങെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇതേത്തുടര്‍ന്ന് റേഷന്‍ കടകളുടെ വിതരണം താത്കാലികമായി നിര്‍ത്തിവച്ചതായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അറിയിച്ചു. സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. മരിച്ചയാളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ 20 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് ദേവേന്ദ്ര നാഥ് പറഞ്ഞു. 

യോഗത്തില്‍ പങ്കെടുത്ത സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, സര്‍ക്കിള്‍ ഓഫീസര്‍ എന്നിവരെ ഉടന്‍ സസ്‌പെന്‍ഡു ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: One killed in firing during panchayat meeting in UP