ന്യൂഡല്‍ഹി: രാജ്യത്ത് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം വരെ 10 വയസ്സിന് മുകളില്‍ പ്രായമുള്ള 15 പേരില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ കോവിഡ് വന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന്‌ ഐ.സി.എം.ആര്‍. സിറോ സര്‍വേ ഫലം. രാജ്യത്ത് ഐ.സി.എം.ആര്‍. നടത്തിയ രണ്ടാമസത്തെ സീറോ സര്‍വേ ഫലത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

ഓഗസ്ത് 17-നും സെപ്തംബര്‍ 22-നും ഇടയില്‍ രാജ്യത്തെ 21 സംസ്ഥാനങ്ങളിലായി 700 ഗ്രാമങ്ങളിലും വാര്‍ഡുകളിലും 70 ജില്ലകളിലുമായാണ് സര്‍വേ നടത്തിയത്.  29,082 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 6.6 ശതമാനം ആളുകളിലും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. 

ചേരിപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലുമാണ് രോഗബാധ കൂടുതല്‍. ചേരിപ്രദേശങ്ങളില്‍ നഗരമേഖലകളേക്കാള്‍ ഇരട്ടി രോഗവ്യാപന തോതാണെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഗസ്റ്റ് മാസത്തില്‍ രോഗബാധ- കേസുകളുടെ എണ്ണം തമ്മിലുള്ള അനുപാതം കുറവാണ്. ഇത് പരിശോധനകളുടേയും രോഗനിര്‍ണയത്തിന്റേയും തോത് കൂടിയതിന്റെ ഫലമാണെന്നും ഐ.സി.എം.ആര്‍. ചൂണ്ടിക്കാട്ടുന്നു. 

വൈറസ് വ്യാപനം തടയുന്നതില്‍ മാസ്‌ക് ധരിക്കല്‍, സാനിറ്റൈസറുകളുടെ ഉപയോഗം, സാമൂഹിക അകലം  പാലിക്കല്‍ തുടങ്ങിയവ ശീലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സിറോ സര്‍വേ പറുന്നുണ്ട്. പ്രായമേറിയവര്‍. രോഗാവസ്ഥയിലുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഇപ്പോഴും വലിയ തോതില്‍ രോഗവ്യാപനത്തിനിടയാവുന്നുവെന്നും ഇത് പ്രതിരോധിക്കേണ്ടതുണ്ടെന്നും ഐ.സി.എം.ആര്‍ ഊന്നിപ്പറയുന്നു.

അടുത്ത മാസങ്ങളില്‍ വരാനിരിക്കുന്ന ഉത്സവങ്ങളിലും ചടങ്ങുകളിലും നിയന്ത്രണങ്ങൾ വേണമെന്നും ആള്‍ക്കൂട്ടം ഉണ്ടാകുന്ന അവസ്ഥ ഒഴിവാക്കണമെന്നും ഐ.സി.എം.ആര്‍. ആവശ്യപ്പെടുന്നുണ്ട്. 

Content Highlights:  One in every 15 exposed to virus by Aug, says ICMR on second sero-survey result