ബെംഗളൂരു: ബെംഗളൂരു നഗരമധ്യത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ദിരാനഗര്‍ 80 ഫീറ്റ് റോഡില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടം. അമിതവേഗത്തിലെത്തിയ മേഴ്‌സിഡസ് ബെന്‍സ് കാര്‍ ബൈക്കിലിടിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൂട്ട അപകടം ഉണ്ടായത്. 

മേഴ്‌സിഡസ് ബെന്‍സ് കാര്‍ ആദ്യം ബൈക്കിലിടിച്ച ശേഷം അതിവേഗം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആഡംബര കാര്‍ ഇടിച്ചുതെറിപ്പിച്ച കാര്‍ ഒട്ടേറെ വാഹനങ്ങളുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ടു കാറുകള്‍, രണ്ട് ഓട്ടോറിക്ഷ, ടെംപോ, ബൈക്ക് എന്നിവയ്ക്ക് കേടുസംഭവിച്ചു.

അസം സ്വദേശിയും പബ്ബ് ജീവനക്കാരനുമായ ഹരി മഹന്ദ് ആണ് മരിച്ചത്. നന്ദിത ചൗധരി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് അപകടമുണ്ടാക്കിയ ആഡംബര കാര്‍. സുവീദ് കാര്‍ഡിയോ എന്നയാളാണ് അപകടമുണ്ടാക്കിയ ആഡംബര കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റതിനെത്തുടര്‍ന്ന് ഇയാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അപകടത്തെത്തുടര്‍ന്ന് റോഡില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടര്‍ന്ന് പോലീസ് ഗതാഗതം വഴിതിരിച്ചുവിട്ടു. അള്‍സൂര്‍ പോലീസ് കേസെടുത്തു. ബെന്‍സ് കാര്‍ അതിവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Content Highlights: One dead, six injured after speeding car crashes into a number of vehicles in Bengaluru's Indiranagar