കൊടിയുടെ നിറവ്യത്യാസങ്ങള്‍ സൗഹൃദത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിച്ച നേതാവായിരുന്നു അരുണ്‍ ജെയ്റ്റ്ലി. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍, ധനകാര്യ -പ്രതിരോധ മന്ത്രാലയങ്ങള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യമന്ത്രി എന്നീ വിശേഷണങ്ങള്‍ കൂടിയുള്ള ജെയ്റ്റ്ലി കടുത്ത ക്രിക്കറ്റ് ആരാധകന്‍ കൂടിയായിരുന്നു. 

1973ല്‍ ജയപ്രകാശ് നാരായണനും രാജ് നരെയ്‌നും തുടങ്ങിവെച്ച അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു അരുണ്‍ ജെയ്റ്റ്ലി. 1974 ല്‍ അടിയന്തരാവസ്ഥക്കാലത്ത് കരുതല്‍ തടങ്കലിലായ ജെയ്റ്റ്‌ലി തിഹാര്‍ ജയിലില്‍ 19 മാസം തടവ് അനുഭവിച്ചു. ജയില്‍ മോചിതനായ ജെയ്റ്റ്‌ലി പിന്നീട് ജനസംഘത്തില്‍ ചേര്‍ന്നു. 

നേതൃപാടവം കൊണ്ട് ശ്രദ്ധേയനായ ജെയ്റ്റ്ലി 20-ാം വയസ്സില്‍ ജനസംഘം പ്രവര്‍ത്തക സമിതിയില്‍ അംഗമായി. 1991ല്‍ ബി.ജെ.പി നിര്‍വാഹക സമിതിയിലെത്തിയ ജെയ്റ്റ്‌ലി എട്ടുവര്‍ഷത്തിനു ശേഷം 1999ല്‍ പാര്‍ട്ടി വക്താവായി. അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയില്‍  സ്വതന്ത്രചുമതലയുള്ള വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രിയായി. രാംജഠ് മലാനി മന്ത്രിസഭയില്‍നിന്ന് രാജിവെച്ചതോടെ നിയമ-നീതി, കമ്പനി കാര്യവകുപ്പുകളുടെ ചുമതലയും വഹിച്ചു. 2009 മുതല്‍ 2014 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 

വി പി സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് 1989ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായ ജെയ്റ്റ്‌ലി 1990 ല്‍ സോളിസിറ്റര്‍ ജനറലുമായി. 

രാഷ്ട്രീയഭിന്നതകളുണ്ടെങ്കിലും സൗഹൃദത്തില്‍ അവ കലരാതിരിക്കാന്‍ ശ്രദ്ധിച്ച നേതാവായിരുന്നു ജെയ്റ്റ്‌ലി. അടിയന്തരാവസ്ഥക്കാലത്തെ സുഹൃത്തും ജയപ്രകാശ് നാരായണന്റെ ശിഷ്യനുമായിരുന്ന നിതീഷ് കുമാറിനെ 2005ല്‍ ബി ജെ പിയുമായി സഖ്യംചേരാന്‍ പ്രരിപ്പിച്ചത് ജെയ്റ്റ്‌ലിയാണ്. സുപ്രീം കോടതിയിലെ തിരക്കേറിയ അഭിഭാഷക ജീവിതത്തിന് മുമ്പ് വിവിധ ഹൈക്കോടതികളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1996ല്‍ ജെയ്ന്‍ ഹവാല കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന മാധവ് റാവു സിന്ധ്യക്കു വേണ്ടി ജെയ്റ്റ്‌ലിയാണ് ഹാജരായത്. ഒരേയൊരു തവണയാണ് ജെയ്റ്റ്‌ലി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2014ല്‍ പഞ്ചാബിലെ അമൃത്സറില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 

അഭിഭാഷനായിരുന്ന മഹാരാജ് കിഷന്‍ ജെയ്റ്റ്‌ലിയുടെയും രത്തന്‍ പ്രഭ ജെയ്റ്റ്‌ലിയുടെയും മകനായി 1952 ഡിസംബര്‍ 28ന് ഡല്‍ഹിയിലാണ് അരുണ്‍ ജെയ്റ്റ്ലി ജനിച്ചത്. ഡല്‍ഹി സെന്റ് സേവ്യേഴ്‌സ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. ഡല്‍ഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ ജെയ്റ്റ്‌ലി 1977ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് നിയമബിരുദം നേടിയത്. പഠനകാലത്ത് എ.ബി.വി.പിയുടെ മുന്‍നിര നേതാവായിരുന്നു ജെയ്റ്റ്ലി. ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റായിട്ടുണ്ട്.

Content Highlights: Arun Jailtley E,ergency and Friendship