ഭോപ്പാല്‍: മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ മറിച്ചിട്ടത്  ബിജെപി  കേന്ദ്രനേതൃത്വമാണെന്ന് പറയുന്ന ഓഡിയോ ക്ലിപ്പ് മധ്യപ്രദേശില്‍ വ്യാപകമായി പ്രചരിക്കുന്നു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റേതെന്ന പേരിലാണ് ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നത്.

കേന്ദ്രനേതൃത്വമാണ് മധ്യപ്രദേശിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തീരുമാനമെടുത്തതെന്നും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എല്ലാം നശിക്കുമെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നു. 

കഴിഞ്ഞ ദിവസം ചൗഹാന്‍ ഇന്ദോറിലെ സന്‍വേര്‍ നിയമസഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.  ഇവിടെ വെച്ച് പാര്‍ട്ടി നേതാക്കളുമായി സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. 

ജ്യോതിരാദിത്യ സിന്ധ്യയേയും തുള്‍സി സിലാവതിനെയും കൂടെക്കൂട്ടാതെ സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിക്കില്ലായിരുന്നോയെന്ന് ഒരു നേതാവ് ഇതില്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയല്ലാതെ മറ്റ് വഴികള്‍ ഒന്നുമില്ലായിരുന്നുവെന്നാണ് മറുപടി. 

തന്നെ പിന്തുണയ്ക്കുന്ന 22 എംഎല്‍എമാരുമായി ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചതോടെയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിച്ചത്.  എംഎല്‍എമാര്‍ രാജിവെച്ച ഒഴിവിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. വരുന്ന സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. 

Content Highlights: On Viral Audio Clip, BJP Link To Fall Of Kamal Nath Government