പട്ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തെ അംഗീകരിക്കുന്നതാണെന്ന് വോട്ടിങ് യന്ത്രത്തെ കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശമെന്ന് ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പസ്വാൻ.
ഇലക്ട്രോണിക് വോട്ടിങ് മെഷീൻ(ഇവിഎം) അല്ല മോദി വോട്ടിങ് മെഷീൻ(എംവിഎം) എന്നായിരുന്നു രാഹുലിന്റെ പരാമർശം. രാഹുലിന്റെ പരാമർശത്തിലൊളിഞ്ഞിരിക്കുന്ന പരാജയഭീതി ബിജെപി-എൽജെപി സഖ്യത്തിന് അനുകൂലമാണെന്ന് ചിരാഗ് പസ്വാൻ പറഞ്ഞു.
വോട്ടിങ് യന്ത്രക്രമക്കേടുകളെ കുറിച്ച് കോൺഗ്രസോ മഹാഗഡ്ബന്ധനോ മുമ്പ് ഒരിക്കലും ചർച്ച ചെയ്ത് കണ്ടിട്ടില്ല. ഇപ്പോൾ തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായ സ്ഥിതിയ്ക്ക് അവർ സ്വയം ഒഴിവുകഴിവുകൾ കണ്ടെത്തുകയാണെന്നും ചിരാഗ് പസ്വാൻ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണെന്നും എൽജെപി ബിജെപിയുമായി സഹകരിച്ച് സർക്കാർ രൂപീകരിക്കുമെന്നുമാണ് ചിരാഗ് പസ്വാൻ അവകാശപ്പെടുന്നത്. 130 നിയോജക മണ്ഡലങ്ങളിൽ എൽജെപി സ്ഥാനാർഥികൾ ഇക്കുറി മത്സരിക്കുന്നുണ്ട്.
Content Highlights: On Rahul Gandhi's Voting Machine Remark, Chirag Paswan's Good Sign Jibe