ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദത്തെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. രാഹുലിന് ബുദ്ധി അൽപം കുറവായിരുന്നു, ഇപ്പോൾ അത് നഷ്ടമായെന്നും ഇനി എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നും ഗിരിരാജ് സിങ് പരിഹസിച്ചു. ഇറ്റാലിയൻ ഭാഷയിൽ ട്വീറ്റ് ചെയ്തായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.

കോവിഡ് മരണങ്ങൾ സംബന്ധിച്ച പട്ടിക അതാത് സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് കൈമാറുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഈ പട്ടിക പരിഷ്കരിച്ച് അയക്കാൻ നിങ്ങൾക്ക് ആവശ്യപ്പെടാം. അതുവരെ കള്ളം പറയുന്നത് നിർത്തണമെന്നും ഗിരിരാജ് സിങ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.

'ഈ രാജകുമാരനെക്കുറിച്ച് ഞാൻ പറയാം. അദ്ദേഹത്തിന് ബുദ്ധിയുടെ കുറവുണ്ടായിരുന്നു. ഇപ്പോൾ അത് നഷ്ടമായി. ഇനി എന്നെന്നേക്കുമായി നഷ്ടപ്പെടും. കോവിഡ് മരണ പട്ടിക സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് നൽകുന്നത്. നിങ്ങളുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഈ പട്ടിക പരിഷ്കരിച്ച് അയക്കാൻ നിങ്ങൾക്ക് ആവശ്യപ്പെടാം. അതുവരെ കള്ളം പറയുന്നത് നിർത്തണം'- ഗിരിരാജ് സിങ് ട്വീറ്റ് ചെയ്തു.

ഇവിടെ ഓക്സിജന്റെ അഭാവം മാത്രമല്ല, അന്നും ഇന്നും സത്യത്തിന്റെയും അവബോധത്തിന്റെയും അഭാവമുണ്ട് എന്നായിരുന്നു കേന്ദ്രത്തെ വിമർശിച്ചുള്ള രാഹുലിന്റെ ട്വീറ്റ്.

ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഓക്‌സിജന്‍ ക്ഷാമം മൂലം മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നത്. എല്ലാവർക്കും സത്യമറിയാമെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും മന്ത്രിക്കെതിരേ അവകാശ ലംഘന നോട്ടീസ് നൽകുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

content highlights:On Rahul Gandhi's Oxygen Tweet, Minister Giriraj Singh's Post In Italian