ന്യൂഡല്‍ഹി: മുകുള്‍ റോയ് ബിജെപിയില്‍നിന്ന് തൃണമൂലിലേക്ക് മടങ്ങുമെന്ന ആഭ്യൂഹങ്ങള്‍ നിലനില്‍കുന്നതിനിടെ വിഷയത്തില്‍ മൗനം ഭഞ്ജിച്ച് തൃണമൂല്‍ എംപി സൗഗത റോയ്. മടങ്ങിവരുന്നവരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് മമത ബാനര്‍ജിയാണെന്ന് അദ്ദേഹം പ്രതികരിച്ചു.

തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മുകുള്‍ റോയ് ഇപ്പോള്‍ തൃണമൂലിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുകുള്‍ റോയ് ബിജെപി യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. എന്നാല്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും മുകുള്‍ റോയിയുടെ മടങ്ങിവരവ് സംബന്ധിച്ച് ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. ബുധനാഴ്ചയാണ് സൗഗത റോയ് ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയത്.

നിരവധി നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരികെ വരാന്‍ ആഗ്രിച്ച് അഭിഷേക് ബാനര്‍ജിയുമായി ബന്ധപ്പെടുന്നുണ്ട്. ആവശ്യമുണ്ടായിരുന്ന സമയത്ത് പാര്‍ട്ടിയെ വഞ്ചിച്ചവരാണ് അവര്‍. അവരുടെ മടങ്ങിവരവ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് മമത ബാനര്‍ജിയാണ്, അദ്ദേഹം പറഞ്ഞു. 

പാര്‍ട്ടി വിട്ടശേഷം മമതയെ രൂക്ഷമായി വിമര്‍ശിച്ചവരും പരസ്യവിമര്‍ശനം നടത്താത്തവരുമെന്ന് ഇവരെ രണ്ടായി വേര്‍തിരിച്ച് കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വിട്ടശേഷം മമതയെ രൂക്ഷമായി വിമര്‍ശിച്ച ആളാണ് സുവേന്ദു അധികാരി. എന്നാല്‍ മുകള്‍ റോയ് ഒരിക്കലും മമതയെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല, സൗഗത റോയ് പറഞ്ഞു.

മമതയുടെ അടുത്ത അനുയായി ആയിരുന്ന മുകുള്‍ റോയ് 2017ല്‍ ആണ് തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് പോകുന്നത്. പിന്നീട് നിരവധി തൃണമൂല്‍ നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവരുന്നതില്‍ മുകുള്‍ പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാല്‍ ബിജെപിയിലെത്തിയ സുവേന്ദു അധികാരി അടക്കമുള്ളവരുമായി മുകുള്‍ റോയിക്ക് നല്ല ബന്ധമല്ല ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

മുകുള്‍ റോയിയുടെ ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി അദ്ദേഹത്തെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ പ്രധാന മന്ത്രി നരേന്ദ്ര മോദി മുകുള്‍ റോയിയെ നേരിട്ട് ഫോണ്‍വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അടുത്തിടെ കൊല്‍ക്കത്തയില്‍ നടന്ന ബിജെപി യോഗത്തില്‍ മുകുള്‍ റോയ് പങ്കെടുക്കാതിരുന്നതും അദ്ദേഹം ബിജെപി വിടുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.

Content Highlights: On Mukul Roy's Return, A Heavy Hint From Trinamool MP