Photo: Mathrubhumi
ന്യൂഡല്‍ഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനരീതിയില്‍ മാറ്റംവരുത്തി സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ എന്നിവരെ തിരഞ്ഞെടുക്കാന്‍ മൂന്നംഗ സമിതിയെ കോടതി നിയോഗിച്ചു. പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്തേക്ക് ഉള്‍പ്പെടെയുള്ള നിയമനങ്ങളില്‍ ഈ സമിതി രാഷ്ട്രപതിക്ക് പേരുകള്‍ നിര്‍ദേശിക്കും.
പാർലമെന്‍റിൽ ഇതുസംബന്ധിച്ച നിയമനിര്‍മാണം ഉണ്ടാകുന്നതുവരെ ഈ സമിതി തുടരുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെഎം ജോസഫിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് ഉത്തരവ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിലെ കമ്മിഷണര്‍മാരെ നിയമിക്കാന്‍ സ്വതന്ത്രസംവിധാനം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാജ്യത്ത് വിവിധ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നുവെങ്കിലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറേയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരേയും നിയമക്കുന്നതിനുള്ള നിയമനിര്‍മാണം ഒരു സര്‍ക്കാരുകളും കൊണ്ടുവന്നിട്ടില്ല. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാകുന്നതെന്ന് ജസ്റ്റിസ് കെ.എം ജോസഫ് വിധി പ്രസ്താവത്തില്‍ രേഖപ്പെടുത്തി. രാഷ്ട്രീയത്തിന് അധീതമായ വ്യക്തികള്‍ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ എത്തണമെന്നതുകൊണ്ടാണ് ഇത്തരമൊരു വിധി പ്രസ്താവിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികള്‍ അടുത്തിടെ വലിയ വിവാദമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷതയെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
നിലവില്‍ പ്രധാനമന്ത്രിയുടെ ശുപാര്‍ശപ്രകാരമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാർ ഉള്‍പ്പെടെയുള്ളവരെ രാഷ്ട്രപതി നിയമിച്ചിരുന്നത്.
Content Highlights: On Election Commission Appointments, Supreme Court's Massive Order
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..