ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ച നടത്തി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ഒരു വര്‍ഷം മുമ്പുള്ള ഗാല്‍വന്‍ സംഘര്‍ഷത്തിന്റെ വീഡിയോ പുറത്തുവിട്ട് ചൈന. 

ഗാല്‍വാന്‍ നദിക്ക് സമീപമുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍നിന്ന് ചൈനീസ് സൈനികര്‍ ഇന്ത്യന്‍ സൈനികര്‍ക്കുനേരെ കല്ലെറിയുന്നത് വീഡിയോ ദൃശ്യങ്ങളില്‍കാണാം. കൂടാതെ ഏതാനും ചൈനീസ് സൈനികര്‍ കുത്തിയൊലിക്കുന്ന നദിയില്‍ ഒഴുകിപ്പോകുന്നതും തുടര്‍ന്ന് സൈനികര്‍ കൈകോര്‍ത്ത് പിടിച്ചു നില്‍ക്കുന്നതും കാണാന്‍ കഴിയും. 

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഗാല്‍വനില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.  സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. തങ്ങളുടെ നാല് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍, ഈ വാദം ഇന്ത്യന്‍ സൈന്യം തള്ളിക്കളഞ്ഞിട്ടുണ്ട്.

പന്ത്രണ്ടാം കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് ഇന്ത്യയും ചൈനയും ഒരുപോലെ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിലവിലുള്ള കരാറുകളുടെയും പ്രോട്ടോക്കോളുകളുടെയും അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാമെന്ന് ഇരുരാജ്യങ്ങളും അംഗീകരിച്ചു. 
 
ജൂലായ് 14-ന് നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്.സി.ഒ.) യോഗത്തിനിടെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് 12-ാം വട്ട കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്കുശേഷം ഇരുരാജ്യങ്ങളും തിങ്കളാഴ്ച സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. 

1962-ലെ യുദ്ധത്തിനുശേഷം ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ടു ചെയ്ത ഏറ്റുമുട്ടലാണ് ഗാല്‍വനിൽ കഴിഞ്ഞവര്‍ഷം ജൂണ്‍ 15-നുണ്ടായത്. 

Content Highlights: on day of joint statement china releases video of 2020 galwan clashes