ന്യൂഡല്‍ഹി: കോവിഡ് വ്യാപനവും തുടര്‍ന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധിയും കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാറിന് തെറ്റ് പറ്റുകയോ ചെയ്തത് കുറഞ്ഞുപോകുകയോ ചെയ്തിരിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാല്‍ സര്‍ക്കാറിന്റെ പ്രതിബദ്ധത വ്യക്തമായിരുന്നതായും അദ്ദേഹം പറഞ്ഞു. 1,70,000 കോടി രൂപയുടെ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെന്ന് പറഞ്ഞ അദ്ദേഹം പ്രതിപക്ഷം എന്താണ് ചെയ്തതെന്നും ചോദിച്ചു. ഒരു വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
"ഞങ്ങളുടെ ഭാഗത്ത് വീഴ്ചകള്‍ സംഭവിച്ചിരിക്കാം.പക്ഷേ ഞങ്ങളുടെ പ്രതിബദ്ധത വ്യക്തമായിരുന്നു. ഞങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കാം, ചിലപ്പോള്‍ ചെയ്തത് കുറഞ്ഞുപോയിരിക്കാം. ഞങ്ങള്‍ക്ക് ചിലത് ചെയ്യാന്‍ കഴിഞ്ഞിട്ടുമുണ്ടാകില്ല. എന്നാല്‍ നിങ്ങള്‍ എന്താണ് ചെയ്തത്?"- അമിത് ഷാ പ്രതിപക്ഷത്തോട് ചോദിച്ചു.
"രാജ്യത്തെ കോവിഡിനെതിരേ പോരാടാന്‍ ആരോ സ്വീഡനിലിരുന്ന് ഇംഗ്ലീഷില്‍ സംസാരിക്കുന്നു. ചിലര്‍ അമേരിക്കയിലിരുന്ന് സംസാരിക്കുന്നു. നിങ്ങള്‍ എന്ത് ചെയ്തു. രാജ്യത്തെ ജനങ്ങള്‍ക്ക് ഒരു വിശദീകരണം നല്‍കുക. സര്‍ക്കാര്‍ ചെയ്തത് എന്തെന്ന് ഞാന്‍ പറയാം. കോവിഡ് പതിസന്ധി നേരിട്ടപ്പോള്‍ മോദി സര്‍ക്കാര്‍ 60 കോടി ജനങ്ങള്‍ക്കായി 1,70,000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചു. കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല."- അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
കോവിഡിനെ നേരിടുന്നതില്‍ രാജ്യത്തെ ഓരോ സംസ്ഥാന സര്‍ക്കാരുകളും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്ന് അമിത് ഷാ പറഞ്ഞു. കേന്ദ്രം സംസ്ഥാനങ്ങളുമായി സഹകരിച്ചു. അഞ്ച് തവണ വീഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തി. എല്ലാവരുടെയും മനസ്സിലുള്ളത് എന്താണെന്ന് മനസിലാക്കാന്‍ ശ്രമിച്ചു. പക്ഷപാതത്തിന് മുകളിലായി ഒരു സംയുക്ത പോരാട്ടം ബിജെപി നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: On Corona, we may have fallen short (but) what did Oppn do, says Amit Shah
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..