ന്യൂഡല്‍ഹി: ഹാഥ്‌റസിലേയ്ക്കുള്ള പാതയില്‍ യുപി പോലീസിന്റെ ലാത്തിച്ചാർജിൽ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിച്ച് പ്രിയങ്ക ഗാന്ധി. ഡല്‍ഹിയില്‍നിന്ന് നോയിഡയിലെ ഡല്‍ഹി-യുപി അതിര്‍ത്തിയിലെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും പോലീസ് തടയുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ചെറിയതോതില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ചെയ്തപ്പോഴാണ് പ്രിയങ്ക ഗാന്ധി പോലീസിനും പ്രവര്‍ത്തകര്‍ക്കുമിടയില്‍ നിലയുറപ്പിക്കുകയും പോലീസിന്റെ ലാത്തിയടിയില്‍നിന്ന് പ്രവര്‍ത്തകരെ രക്ഷിക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ഡല്‍ഹിയില്‍നിന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം സ്വയം വാഹനം ഓടിച്ചാണ് പ്രിയങ്ക നോയിഡയില്‍ എത്തിയത്. അതിര്‍ത്തിയില്‍ ആയിരത്തിലധികം യുപി പോലീസ് ആണ് നിലയുറപ്പിച്ചിരുന്നത്. അതിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി ഇവിടെ തടിച്ചുകൂടിയിരുന്നു. ടോള്‍ പ്ലാസയ്ക്കു മുന്നില്‍ പോലീസ് ശക്തമായ തടസ്സമാണ് സൃഷ്ടിച്ചത്. ഇതിനിടയിലാണ് പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തി വീശുന്നത് കണ്ട പ്രിയങ്ക ചെറിയ ബാരിക്കേഡ് ചാടിക്കടന്ന് പോലീസുകാര്‍ക്കു മുന്നില്‍ എത്തുകയായിരുന്നു. പോലീസിനെ തടയുന്നതും ലാത്തിയടിയേറ്റ പ്രവര്‍ത്തകനെ തുടര്‍ന്നുള്ള മര്‍ദ്ദനത്തില്‍നിന്ന് രക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് പ്രവര്‍ത്തകനെ റോഡരികില്‍ ഇരിക്കാന്‍ സഹായിക്കുന്നതും പരിചരിക്കുന്നതും വിവിധ വീഡിയോകളില്‍ ദൃശ്യമാണ്.

ഇത് രണ്ടാം തവണയാണ് രാഹുലും സംഘവും പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാനുള്ള ശ്രമം നടത്തുന്നത്. രണ്ടു ദിവസം മുമ്പ് ഹാഥ്റസ് സന്ദര്‍ശിക്കാനുള്ള നേരത്തെ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ശ്രമത്തെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് യുപി പോലീസ് തടഞ്ഞിരുന്നു.

രാഷ്ട്രീയ നേതാക്കളെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്കും നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. കനത്ത പ്രതിഷേധം ഉയര്‍ന്നതോടെ പിന്നീട് വിലക്ക് നീക്കി. അഞ്ച് നേതാക്കള്‍ക്ക് മാത്രമേ സന്ദര്‍ശന അനുമതി നൽകിയുള്ളു. കെ.സി.വേണുഗോപാല്‍, ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് എന്നിവരാണ് രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ഹാഥ്റസിലേക്ക് പോയ നേതാക്കള്‍.

Content Highlights: On Camera, Priyanka Gandhi Shields Congress Workers During Lathi Charge