-
ന്യൂഡൽഹി: നാലു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടംഗ സംഘത്തിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തി അമ്മ. ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടിനുള്ളിൽ നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് ഇവരെ ധീരമായി നേരിട്ട് അമ്മ തന്റെ മകളെ രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച കിഴക്കൻ ഡൽഹിക്ക് സമീപമായിരുന്നു സംഭവം.
ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ വീട്ടിലെത്തി വെള്ളം ചോദിച്ച സംഘം അമ്മയുടെ ശ്രദ്ധ മാറിയ ഉടൻ കുട്ടിയെ ബലമായി പിടിച്ച് ബൈക്കിൽ കയറ്റി. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട അമ്മ അതിവേഗം രണ്ടംഗ സംഘത്തെ നേരിട്ട് കുട്ടിയെ ബൈക്കിൽ നിന്ന് വലിച്ച് താഴെയിറക്കി. ഇവരെ രക്ഷപ്പെടാൻ അനുവദിക്കാതെ ബൈക്ക് പിടിച്ചുവയ്ക്കുകയും ചെയ്തു. ഇതിനിടെ ശബ്ദം കേട്ട് ആളുകൾ കൂടിയതോടെ പരിഭ്രാന്തിയിലായ സംഘം രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ സമയോചിതമായി ഇടപെട്ട അയൽവാസിയുടെ ഭാഗത്തുനിന്നും ഈ സംഘത്തെ പിടികൂടാനുള്ള ശ്രമം നടന്നു. ഇടുങ്ങിയ റോഡിൽ തന്റെ സ്കൂട്ടർ തിരിച്ചുവെച്ച് വഴി തടസപ്പെടുത്തിയ അയൽവാസി സംഘത്തിലെ ഒരാളെ ബൈക്കിൽ നിന്ന് തള്ളിതാഴെയിട്ടു. പിന്നാലെയെത്തിയ രണ്ടാമനെയും കീഴ്പ്പെടുത്താൻ ശ്രമിച്ചു. എന്നാൽ രണ്ട് പേരും ഓടി രക്ഷപ്പെട്ടു. ഇതിന്റെയെല്ലാം സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
രക്ഷപ്പെടുന്നതിനിടെ രണ്ടംഗ സംഘം ഉപേക്ഷിച്ചു പോയ ബൈക്ക്, ബാഗ് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളെയും പോലീസ് പിടികൂടി. ഇവരുടെ ബാഗിൽ നിന്ന് തോക്കും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു.
തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന് പിന്നിൽ കുട്ടിയുടെ ഇളയച്ഛന്‍ തന്നെയാണെന്നാണ് പോലീസ് പറയുന്നത്. വസ്ത്രവ്യാപാരിയാണ് കുട്ടിയുടെ അച്ഛന്‍. ഇദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ അസൂയതോന്നിയ സഹോദരന്‍ ഏര്‍പെടുത്തിയതു പ്രകാരമാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടിയെ വിട്ടുകിട്ടാൻ 35 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടാൻ ലക്ഷ്യമിട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു.
content highlights:On Camera, Delhi Woman Fights Off Kidnappers To Save 4-Year-Old Daughter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..