ബെംഗളൂരു: തനിക്ക് ബാധിച്ച രോഗത്തെക്കാള്‍ വേദന വീട് അടച്ചുപൂട്ടിയതിലാണെന്ന് രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ച രണ്ടുപേരില്‍ ഒരാളായ 46 കാരനായ ഡോക്ടര്‍ പറയുന്നു. പുതിയ കോവിഡ് വകഭേദം സംബന്ധിച്ച് ഒരുരീതിയിലുളള ഭയവും ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ആദ്യം സ്വയം  ശാന്തത പാലിക്കുക, ഉടനടി പരിശോധന നടത്തുക, സ്വയം ഒറ്റപ്പെടുക, ചികിത്സ തേടുക എന്നിവയാണ്. ഭാര്യയും മക്കളും ക്വാറന്റീനിലാണെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

'ഇപ്പോള്‍ തികച്ചും സുഖമായിരിക്കുന്നു'. എന്നാല്‍ മുന്‍കരുതല്‍ നടപടിയായി ബെംഗളൂരുവിലെ ഒരു ആശുപത്രിയില്‍ ഐസൊലേഷനിലാണ്. കഠിനമായ ശരീരവേദന, വിറയല്‍, നേരിയ പനി എന്നിവ തന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു' ഡോക്ടര്‍ പറഞ്ഞു. അതേ സമയം തനിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുകളില്ലെന്നും ഓക്‌സിജന്‍ ലെവല്‍ സാധാരണ നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 21-നാണ് ശരീരവേദനയും നേരിയും പനിയും തുടങ്ങിയത്. തുടര്‍ന്ന് ആര്‍എടി, ആര്‍ടി-പിസിആര്‍ പരിശോധനകള്‍ക്കായി സാമ്പിളുകള്‍ നല്‍കി. അടുത്ത ദിവസം തന്നെ രണ്ടു പരിശോധനകളും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു.

'എനിക്ക് ജലദോഷമോ ചുമയോ ശ്വസിക്കാന്‍ ബുദ്ധിമുട്ടോ ഇല്ലായിരുന്നു. പനി പരമാവധി 100 ഡിഗ്രി വരെ എത്തി' അദ്ദേഹം പറഞ്ഞു.

മൂന്ന് ദിവസം വീട്ടില്‍ ഐസൊലേഷനിലായിരുന്നു. ഇതിനിടെ തലകറക്കം അനുഭവപ്പെട്ടു. വീട്ടുകാരുടെ ആശങ്ക വര്‍ധിച്ചതോടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ഓക്സിജന്‍ ലെവല്‍ 95 ആയിരുന്നപ്പോള്‍ പനി 101 ഡിഗ്രി വരെ ഉയര്‍ന്നിരുന്നു. ഒരു എച്ച്ആര്‍സിടി സ്‌കാനില്‍ ശ്വാസകോശത്തില്‍ വളരെ കുറഞ്ഞ മാറ്റങ്ങള്‍ കാണിച്ചിരുന്നു. ഇത് 3-4 ദിവസം അണുബാധയുള്ള ഒരു കോവിഡ് രോഗിയില്‍ സാധാരണമാണ്.

നവംബര്‍ 25 ന് തനിക്ക് മോണോക്ലോണല്‍ ആന്റിബോഡികളുടെ ഒരു ഡോസ് കിട്ടി. അത് വളരെയധികം വ്യത്യാസമുണ്ടാക്കിയെന്നും രോഗം ബാധിച്ച ഡോക്ടര്‍  പറഞ്ഞു. അടുത്ത ദിവസം രാവിലെ മുതല്‍ ലക്ഷണങ്ങളൊന്നും കാണാതെ താന്‍ തികച്ചും സാധാരണക്കാരനായിരുന്നു. തനിക്ക് ഒരിക്കലും കോവിഡ് ഉണ്ടായിട്ടില്ലെന്ന്  തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇയാളുടെ ഭാര്യയും ഡോക്ടറാണ്. നവംബര്‍ 26 മുതല്‍ ഡോക്ടറുടെ ഭാര്യക്കും ശരീരവേദനയും വിറയലുമടക്കമുള്ള സമാനമായ ലക്ഷണങ്ങളുണ്ടായി. കോവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് സ്ഥിരീകിരിച്ചു. 

'ആദ്യമായി ലക്ഷണങ്ങള്‍ കണ്ടശേഷം ഇപ്പോള്‍ 12 ദിവസമായി. തനിക്കിപ്പോള്‍ യാതൊരു രോഗലക്ഷണങ്ങളുമില്ല' ഡോക്ടര്‍ പറഞ്ഞു. നവംബര്‍ 29-ന് ഇയാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ ഒമിക്രോണ്‍ ആണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച  വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യയും മക്കളും ഇതേ ആശുപത്രിയില്‍ തന്നെയുണ്ട്.

ഭാര്യയുള്‍പ്പെടെ ഡോക്ടറുടെ അഞ്ച് പോസിറ്റീവ് കോണ്‍ടാക്റ്റുകളുടെ ജീനോമിക് സീക്വന്‍സിംഗ് റിപ്പോര്‍ട്ടുകള്‍ക്ക് കാത്തിരിക്കുകയാണ്.

ഒമിക്രോണ്‍ റോണ്‍ സമൂഹത്തിലുണ്ടെന്ന് തനിക്ക് തോന്നുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ഇത് രാജ്യത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ച ആദ്യ ആള്‍ താനാണെന്ന് മാത്രം. എവിടെ നിന്നാണ് തനിക്ക് രോഗം ബാധിച്ചതെന്ന് അറിയില്ല. ഒമിക്രോണിനെ നമുക്ക് കൂടുതല്‍ അറിയില്ല, എന്നാല്‍ കഴിഞ്ഞ 12 ദിവസങ്ങളിലെ എന്റെ അനുഭവം നോക്കുമ്പോള്‍, ഇത് ഗൗരവമുള്ളതായി തോന്നുന്നില്ല, വിഷമിക്കേണ്ട കാര്യമില്ല. എന്നിരുന്നാലും, ഒരാള്‍ ജാഗ്രത പാലിക്കണം. ചില ആളുകള്‍ക്ക് ആശുപത്രിയില്‍ പ്രവേശനം ആവശ്യമായി വന്നേക്കാം, പക്ഷേ അത് ജീവന് ഭീഷണിയല്ലെന്നും ഡോക്ടര്‍ പറഞ്ഞു.

Story Courtesy: timesof india